ദേശീയപാത 66ന്‍റെ നിർമ്മാണം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ബൈപ്പാസുകളും ആകാശപ്പാതകളുമൊക്കെയായി സംസ്ഥാനത്തെ റോഡ് ഗതാഗതത്തിന്‍റെ മുഖച്ഛായ മാറ്റിക്കൊണ്ടാണ് പുതിയ റോഡ് ഒരുങ്ങുന്നത്. പുതിയ ദേശീയ പാതയുടെ ഭാഗമായി അരൂര്‍ – തുറവൂര്‍ ഭാഗത്ത് ഉയരപ്പാത നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ തന്നെ വമ്പൻ ആകാശപ്പാതകളിൽ ഒന്നാണിത്.
ഇപ്പോഴിതാ നിർമ്മാണം പുരോഗമിക്കുന്ന അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേയുടെ സർവീസ് റോഡിനായുള്ള ഭൂമി ഏറ്റെടുക്കൽ സർവേ തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ലാൻഡ് അക്വിസിഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ മേൽനോട്ടത്തിൽ തഹസീൽദാർമാരുടെ നേതൃത്വത്തിലാണ് സർവേ ആരംഭിച്ചത്. അരൂരിനും തുറവൂരിനും മദ്ധ്യേ കുത്തിയതോട്, കോടന്തുരുത്ത്, അരൂർ, എഴുപുന്ന വില്ലേജുകളിലാണ് സർവേ. നിലവിലെ സർവീസ് റോഡിൽ, ആവശ്യമായ വീതിയില്ലാത്ത ഇടങ്ങളിലാണ് ഒന്നരമാസം മുമ്പ് ദേശീയപാത അതോറിറ്റി സ്ഥാപിച്ച അതിരടയാളകല്ലുകൾ അടിസ്ഥാനമാക്കി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. നാലു വില്ലേജുകളിലായി എൺപതോളം സർവേ നമ്പരുകളിൽപ്പെട്ട ഭൂമിയാണ് അധികമായി ഏറ്റെടുക്കേണ്ടത്. ഇങ്ങനെ അഞ്ച് മുതൽ പത്ത് സ്ക്വയർ ഫീറ്റ് വരെ ഏറ്റെടുക്കേണ്ടിവരും. ഇത് ഏകദേശം രണ്ടരമുതൽ മൂന്നേക്കറോളം ഉണ്ടാവും. വീടുകളും വാണിജ്യസ്ഥാപനങ്ങളും താരതമ്യേന കുറവായതിനാൽ സർവേയും ഭൂമി ഏറ്റെടുക്കൽ നടപടികളും വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സർവേ പൂർത്തിയായാലുടൻ ഭൂമി ഏറ്റെടുക്കലിനുള്ള 3-ഡി വിജ്ഞാപനമിറക്കും. തുടർന്ന്, വില നിശ്ചയിച്ച് സ്ഥല ഉടമകൾക്ക് വിതരണം ചെയ്യുന്നതോടെ നടപടികൾ പൂർത്തിയാകും എന്നാണ് റിപ്പോര്‍ട്ടുകൾ.








