തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും കുടുതൽ നിയമനം നടത്തിയ പിഎസ്‍സി കേരള പിഎസ്‍സിയെന്ന് കണക്കുകൾ. യുപിഎസ്‍സിയുടെ ന്യൂസ് ലെറ്ററിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ 34,110 നിയമന ശുപാർശ കേരള പിഎസ്‍സി നൽകിയതായി യുപിഎസ്‍സി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആറ് മാസത്തിൽ 18964 പേർക്കാണ് നിയമനം നൽകിയത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും നടത്തിയ നിയമനങ്ങളുടെ പകുതിയിലധികവും കേരളത്തിലാണെന്ന പ്രത്യകതയുമുണ്ട്. കേരളം കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തിയത് ഒഡിഷ പിഎസ്‍സിയാണ്.
6791 നിയമന ഉത്തരവുകളാണ് ഒഡിഷ നൽകിയത്. കർണാടക പിഎസ്‍സിയാണ് ഏറ്റവും കുറവ് നിയമനം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നത്. വെറും ആറ് നിയമനങ്ങളാണ് കർണാടക പിഎസ്‍സി നടത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ കർണാടക ഒറ്റ നിയമനം പോലും നടത്തിയില്ല. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാൻ 3062 നിയമനം മാത്രമാണ് നടത്തിയത്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ 4120 നിയമന ശുപാർശ മാത്രമാണ് നടത്തിയത്. കേരള പിഎസ്‍സി നിയമനം നടത്തിയതിൽ 11,921 പേർ ഒബിസി വിഭാഗത്തിൽനിന്നുള്ളവരാണ്. 2,673 പേർ പട്ടികജാതി, 2,260 പേർ പട്ടികവർഗം, 17,256 പേർ ജനറൽ വിഭാഗക്കാരും. 6140201 പേരാണ് കേരള പിഎസ്‍സിക്ക് അപേക്ഷ നൽകിയത്.