ദുബായ്: ദുബായിൽ പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ പേരിൽ വ്യാജഫോണുകൾ വരുന്നതായി മുന്നറിയിപ്പ് നൽകി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇല്ലാത്ത ഇമിഗ്രേഷൻ പ്രശ്നത്തിന്റെ പേരു പറഞ്ഞു പണം തട്ടുകയാണ് ഫോൺ വിളിക്കുന്നവരുടെ ലക്ഷ്യമെന്നു കോൺസുലേറ്റ് വ്യക്തമാക്കി. പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ 80046342 നമ്പറിനോട് സാമ്യമുള്ള നമ്പറിൽ നിന്നാണ് വ്യാജ കോളുകൾ വരുന്നതെന്നും കോൺസുലേറ്റ് അറിയിച്ചു. എക്സിലൂടെ ഒന്നിലധികം ഇന്ത്യൻ ഭാഷകളിലാണ് മുന്നറിയിപ്പ് നൽകിയത്.
ഇമിഗ്രേഷൻ സംബന്ധമായ വിഷയങ്ങളിൽ കോൺസുലേറ്റ് വിളിക്കില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു. കോൺസുലേറ്റിൽ നിന്നും ഫോണിലൂടെ വിളിച്ച് വ്യക്തിഗത വിവരങ്ങളോ ഒടിപി, പിൻ നമ്പർ, ബാങ്ക് വിവരങ്ങളോ ചോദിക്കില്ല. ഇത്തരത്തിൽ ഫോണിലൂടെ ബന്ധപ്പെടുന്നവർക്ക് പണം നൽകരുതെന്നും കോൺസുലേറ്റ് പുറപ്പെടുവിപ്പിച്ച മുന്നറിയിപ്പിൽ പറയുന്നു.
യുഎഇയിൽ സെപ്റ്റംബർ ഒന്നുമുതൽ ആരംഭിച്ച് പൊതുമാപ്പ് പദ്ധതിയ്ക്ക് പിന്നാലെയാണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമായിരിക്കുന്നത്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വ്യജ ഫോൺ കോളുകൾ വരുന്നത്. കോൺസുലേറ്റിന്റെ സമാന നമ്പറായതിനാൽ ആളുകൾ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്.