നയതന്ത്ര സ്വർണ്ണക്കടത്തിലെ വിവാദനായിക സ്വപ്ന സുരേഷ് മാധ്യമ രംഗത്തേക്ക് ചുവട് വയ്ക്കുന്നു. പ്രമുഖ ഓൺലൈൻ മാധ്യമമായ കർമ്മ ന്യൂസിലൂടെയാണ് സ്വപ്ന സുരേഷിന്റെ പുതിയ ചുവടുവെപ്പ്. കർമ്മ ന്യൂസ് സാറ്റലൈറ്റ് ചാനൽ ആകാൻ പോകുകയാണ് എന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. സാറ്റലൈറ്റ് ചാനൽ ആകാൻ പോകുന്ന കർമ്മ ന്യൂസിന്റെ എക്സിക്യൂട്ടീവ് ബിസിനസ് അഡ്മിനിസ്ട്രേറ്റർ സൗത്ത് ഇന്ത്യ ആയി താൻ ചുമതല ഏൽക്കുകയാണെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്.
പലപ്പോഴും വിവാദമാകുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാധ്യമമാണ് കർമ്മ ന്യൂസ്. സ്വപ്ന സുരേഷ് കൂടിയെത്തുന്നതോടെ കർമ്മ ന്യൂസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമെന്ന് ഉറപ്പാണ്. വാർത്ത അവതരണ രംഗത്ത് കൂടി സ്വപ്ന എത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. സ്വപ്നയുടെ വരവോടുകൂടി സർക്കാരിനെതിരായ കൂടുതൽ വെളിപ്പെടുത്തലുകളും കർമയിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്.
കർമ്മ ന്യൂസ് സൗത്ത് ഇന്ത്യൻ എക്സിക്യൂട്ടീവ് ബിസിനസ് അഡ്മിനിസ്ട്രേറ്റർ ആയി ചുമതല ഏറ്റെടുത്ത സ്വപ്ന സുരേഷ് ഫേസ്ബുക്കില്‍ കുറിച്ച് വരികള്‍ വായിക്കാം:
എൻ്റെ ജീവിതത്തില്‍ നടന്ന ഒരു പ്രധാന കാര്യം നിങ്ങളോട് ഞാൻ പങ്കുവെക്കാനാഗ്രഹിക്കുന്നു. കേരളത്തിലെ പ്രമുഖ വർത്ത മാധ്യമമായ കർമ്മ ന്യൂസ് സാറ്റലൈറ്റ് ന്യൂസ് സംരംഭമായി മാറുന്ന സാഹചര്യത്തില്‍ ഞാനും കർമ്മ ന്യൂസ് ചാനലിന്റെ ഭാഗമാകുകയാണ്. എനിക്ക് ഇത്തരം ഒരു അവസരം നല്‍കിയതിന് കർമ്മ ന്യൂസ് സി. ഇ. ഒ ശ്രീ.പി. ആർ സോംദേവ്നോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. കർമ്മ ന്യൂസ് ചാനലില്‍ എക്സിക്യൂട്ടീവ് ബിസിനസ് അഡ്മിനിസ്ട്രേറ്റർ ( സൗത്ത് ഇന്ത്യ ) എന്ന പദവിയില്‍ ഞാൻ പ്രവർത്തിക്കും.ഇപ്പോള്‍ മുതല്‍ കർമ്മ ന്യൂസിന്റ വിജയത്തില്‍ നിർണായകമായ പങ്കുവഹിക്കാനും, മാധ്യമങ്ങളുടെ പരമോന്നത ലോകത്ത് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ പങ്കാളിയാകാനുംകഴിയുമെന്നതില്‍ അതിയായ സന്തോഷമുണ്ട്.
കുട്ടിക്കാലം മുതല്‍ വിശ്വസ്തയും സത്യസന്ധയയുമായ ഒരു പത്രപ്രവർത്തകയാകുക എന്നത് എൻ്റെ ആഗ്രഹമായിരുന്നു, പക്ഷേ വളവുകളും തിരിവുകളും ഉയർച്ചകളും താഴ്ചകളും നിറഞ്ഞ എന്റെ ജീവിതത്തില്‍ എനിക്ക് അത് ഒരു കരിയറായി എടുക്കാൻ കഴിഞ്ഞില്ല. കേരള ജനതയ്ക്ക് വേണ്ടി അങ്ങേയറ്റം ആത്മാർത്ഥതയോടും ധാർമ്മികതയോടും മൂല്യങ്ങളോടും കൂടി മാധ്യമ രംഗത്ത് പ്രവർത്തിക്കുമെന്ന് ഞാൻ എന്റെ പ്രിയപ്പെട്ടവർക്ക് വാക്ക് തരുന്നു.