ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനോടൊപ്പം മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധ നല്‍കി ഹരിതതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ജില്ല. ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കന്ന മാലിന്യങ്ങളുടെ അളവ് കുറച്ച് പ്രകൃതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിച്ച് ഹരിത തെരഞ്ഞെടുപ്പ് നടപ്പാക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് കാലയളവിലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് ശ്രദ്ധ നല്‍കണമെന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ എസ്.ഹര്‍ഷന്‍ അറിയിച്ചു. പ്രചാരണ സാമഗ്രികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പടെ 500 ടണ്ണില്‍ കൂടുതല്‍ മാലിന്യങ്ങളാണ് സംസ്ഥാനത്താകെ പ്രതീക്ഷിക്കുന്നത്. മാലിന്യങ്ങളുടെ അളവ് കാര്യക്ഷമമായ കുറച്ച് അവശേഷിക്കുന്ന മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം ഉറപ്പാകക്കുകയാണ്. പരസ്യ പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്‌സുകള്‍, പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ് തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ല. നൂറുശതമാനം കോട്ടണ്‍ തുണിയില്‍ എഴുതി തയാറാക്കുന്നവയും, കോട്ടണ്‍ തുണി, പേപ്പര്‍ എന്നിവ ചേര്‍ന്ന് നിര്‍മിക്കുന്ന വസ്തുവില്‍ പ്രിന്റ് ചെയ്യപ്പെടുന്ന ബോര്‍ഡുകളും ബാനറുകളും ഉപയോഗിക്കാം. പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹ്യദ വസ്തുക്കള്‍ ഉപയോഗിച്ചും പ്രചാരണ സാമഗ്രികള്‍ നിര്‍മ്മിക്കാം. പ്രചാരണത്തിന് കൂടുതലും ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. കൊടികള്‍, തോരണങ്ങള്‍ തുണിയിലോ പേപ്പറിലോ നിര്‍മ്മിക്കണം. പോളിപ്രൊപ്പലീന്‍ കൊണ്ടുള്ള കൊടിതോരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. പ്രചാരണ വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹ്യദ വസ്തുക്കള്‍ ഉപയോഗിക്കണം. ഫ്ളക്സ്, പ്ലാസ്റ്റിക്, തെര്‍മോക്കോള്‍ പൂര്‍ണമായി ഒഴിവാക്കി കോട്ടണ്‍ തുണി, പേപ്പര്‍ എന്നിവ കൊണ്ട് വാഹനങ്ങള്‍ അലങ്കരിക്കാം.
*പോളിങ് ബുത്തുകള്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്*
പോളിങ് ബൂത്തുകള്‍ ഒരുക്കുമ്പോള്‍ ഹരിത പെരുമാറ്റചട്ടം പാലിക്കണം. കുടിവെള്ള ഡിസ്പെന്‍സറുകള്‍, സ്റ്റീല്‍/കുപ്പി ഗ്ലാസുകള്‍ എന്നിവ ഒരുക്കണം. മാലിന്യം തരം തിരിച്ച് നിക്ഷേപിക്കാന്‍ പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കണം. മാലിന്യം നീക്കം ചെയ്യാന്‍ ഹരിത കര്‍മ സേനയുമായി കരാറില്‍ ഏര്‍പ്പെടണം. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടയിനര്‍, സഞ്ചികള്‍ എന്നിവയില്‍ വിതരണം ചെയ്യരുത്. ബൂത്തുകളില്‍ ഭക്ഷണം കഴിക്കാന്‍ ഡിസ്പോസിബള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍, ബൂത്തുകള്‍ക്ക് മുന്നിലെ കൗണ്ടറുകള്‍ ഒരുക്കുമ്പോള്‍ ഹരിതചട്ടം പാലിക്കണം. തെരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വമിഷന്‍ ജില്ലാ ഓഫീസുമായും ബന്ധപ്പെടാം. ഫോണ്‍: 04936 203223, 9495568408
ഹരിതചട്ടം ലംഘിച്ചാല്‍ പിഴ
തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം ലംഘിച്ചാല്‍ 10,000 രൂപ മുതല്‍ പിഴ ചുമത്തുമെന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഹര്‍ഷന്‍ പറഞ്ഞു. ഹരിതചട്ട ലംഘനം നിരീക്ഷിക്കാന്‍ ജില്ലാതലത്തില്‍ മൂന്ന് പേര്‍ അടങ്ങുന്ന ഒരു ടീമിനെയും തദ്ദേശ സ്ഥാപന പരിധിയില്‍ നോല് പേര്‍ അടങ്ങുന്ന 26 ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.