വിമാനത്തിനുള്ളില്‍ സെക്സിലേർപ്പെടുന്ന ദമ്ബതികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ, സ്വകാര്യത ലംഘിച്ചതിന് വിമാന ജീവനക്കാർക്കെതിരെ അന്വേഷണം. സ്വിസ്റ്റ് ഇന്റർനാഷണല്‍ എയർലൈൻസിലെ ക്രൂ മെമ്ബേഴ്സിനെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. നവംബറില്‍ തായ്ലൻഡിലെ ബാങ്കോകില്‍ നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് 12 മണിക്കൂർ നീണ്ട യാത്രക്കിടെ സ്വിസ് വിമാനം LX181ലാണ് സംഭവം.
യാത്രക്കിടെ ദമ്ബതികള്‍ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ സമീപത്തെത്തി ഒഴിഞ്ഞയിടത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ സംഭവത്തെ കുറിച്ചോ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെ കുറിച്ചോ ഔദ്യോഗികമായി പ്രതികരിക്കാൻ വിമാന കമ്ബനി ഇതുവരെയും തയാറായിട്ടില്ല.
കോക്ക്പീറ്റിന്റെ വാതിലിന് മുകളില്‍ സ്ഥാപിച്ചിരുന്ന കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞതെന്നാണ് വിവരം. ഈ കാമറ പൈലറ്റിന് സുരക്ഷയുമായി ബന്ധപ്പെട്ട നിരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്നതാണ്. എന്നാല്‍ ഈ കാമറ പകർത്തുന്ന ദൃശ്യങ്ങള്‍ തത്സമയം കാണാമെങ്കിലും ഈ കാമറയില്‍ റെക്കോഡിങ് സംവിധാനം ഇല്ല. ലൈവായി മോണിറ്ററില്‍ വന്ന ദൃശ്യങ്ങള്‍ ഫ്ളൈറ്റ് ഡെക്കിലിരുന്ന ആരോ മറ്റൊരു ഉപകരണത്തിലേക്ക് പകർത്തുകയും അത് പിന്നീട് പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സംഭവ സമയം ഡെക്കിലുണ്ടായിരുന്ന പൈലറ്റിലേക്കും ഫ്ലൈറ്റ് അറ്റൻഡിലേക്കുമാണ് സംശയമുന നീളുന്നത്. “ആളുകളുടെ സമ്മതമില്ലാതെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും ഈ റെക്കോർഡിംഗുകള്‍ പങ്കുവക്കുന്നതും കമ്ബനിയുടെ മാർഗ്ഗനിർദ്ദേശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമാണ്,” എയർലൈൻ വക്താവ് മെയ്ക് ഫുള്‍റോട്ടിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു.