ജില്ലാ ബാലജ്യോതി കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
പനമരം: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സി.എസ്.ആർ (CSR) പദ്ധതിയായ ബാലജ്യോതി പ്രോജക്ടിന്റെ ഭാഗമായി ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലാതല കലാ-കായിക മത്സരങ്ങൾ അരങ്ങേറി. പനമരത്ത് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ബീന സജി ഉദ്ഘാടനം ചെയ്തു.പനമരം എ.എസ്.ഐ സുബീഷ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അത്ലറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലൂക്ക ഫ്രാൻസിസ്, ഇസാഫ് മാർക്കറ്റിംഗ് & കമ്മ്യൂണിറ്റി എൻഗേജ്മെന്റ് ജില്ലാ കോർഡിനേറ്റർ ജിംഷ വി. എന്നിവർ സംസാരിച്ചു.വയനാട് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറ്റെൺപതിലേറെ (184) വിദ്യാർത്ഥികൾ മത്സരങ്ങളിൽ മാറ്റുരച്ചു. കുട്ടികളുടെ സർഗ്ഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇസാഫ് ഫൗണ്ടേഷൻ മത്സരങ്ങൾ സംഘടിപ്പിച്ചത്.
മടക്കിമല മെഡിക്കൽ കോളേജ് - ശക്തമായ സമര പരിപാടികളുമായി കൽപ്പറ്റ ആക്ഷൻ കമ്മറ്റി.
കൽപ്പറ്റ : കൽപ്പറ്റയിൽ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റിയുടെ യൂണിറ്റ് രൂപീകരിച്ചു. കൽപ്പറ്റയിലെ വിവിധ ക്ലബ്ബ്കളും സംഘടനകളും ചേർന്ന് കൊണ്ട് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റിയിയുടെ കൽപ്പറ്റ യൂണിറ്റ് രൂപീകരിച്ചു. യൂണിറ്റ് രക്ഷാധികാരികളായി അഡ്വ. യു.വി ബാബു , ഹൈദ്രു ( പ്രസിഡണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി) കൽപ്പറ്റ യൂണിറ്റ് ചെയർമാൻ അബ്ദുൾ റഹ്മാൻ കുട്ടി ഹാജി.വൈസ് ചെയർമാൻമാരായി ഹംസക്കുട്ടി അമ്പലപ്പുറം, റഫീഖ് കുമ്മാളി , ഹാരിസ് ഓ.എം, മർസൂർ മേപ്പാടി ജനറൽ കൺവീനർമാരായി സെന്തിൽ പി, റോയി കെ.പി, പ്രജിത്ത് പി. എന്നിവരെയും ട്രഷററായി അയൂബ് പയന്തോ ന്ത് എന്നിവരെയും തിരഞ്ഞെടുത്തു. കോസ്മോ പോളിറ്റൻ ക്ലബ്ബ്. വൈസ്മെൻ ക്ലബ്ബ്,റോട്ടറി ക്ലബ്ബ്,ഓഫീസേഴ്സ് ക്ലബ്,ഓയിസ്ക ഇന്റർനാഷണൽ വയനാട് ബൈസിക്കിൾ റൈഡർസ്. വെ എം സി .എ ക്ലബ്ബ്, സൗഹൃദംചാ രിറ്റബിൾ ട്രസ്റ്റ്, തുടങ്ങിയ ക്ലബ്ബ്കളുടെ പ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.ഉമ്മൻ ചാണ്ടി വയനാടിന് നൽകിയ ഉപഹാരം ആണ് മെഡിക്കൽ കോളേജ് അത് മടക്കി മലയിൽ സ്ഥാപിക്കുന്നത് വരെ കൽപ്പറ്റയിലെ യുവാക്കൾ വിശ്രെമിക്കരുത് എന്ന് യൂണിറ്റ് ചെയർമാൻ അബ്ദുൾ റഹ്മാൻ കുട്ടി ഹാജി പറഞ്ഞു.മാനന്തവാടി മുനിസിപ്പൽ ചെയർമാൻ റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് മെഡിക്കൽ കോളേജിനെ ഉപയോഗിക്കുന്നു എന്നും ഇപ്പോൾ ദാനമായി തരാമെന്ന് പറഞ്ഞത് ചെയർമാൻ ആണെന്നും ഒരു കാരണവശാലും പ്രസ്തുത ഭൂമിയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ നിയമപരമായി കഴിയില്ലന്നും പാവപ്പെട്ട മാനന്തവാടിയിലെ ജനങ്ങക്ക് വ്യാജ വാഗ്ദാനം നൽകുകയാണെന്നും യോഗം ഉദ്ഘാടനം ചെയ്ത മടക്കിമല ആക്ഷൻ കമ്മറ്റിയുടെ ചെയർമാൻ ഫിലിപ്കൂട്ടി പറഞ്ഞു. കൽപ്പറ്റയിലെ യുവാക്കൾ ഉറങ്ങുമ്പോൾ അവരുടെ അവകാശങ്ങൾ മറ്റുള്ളവർ തട്ടിയെടുക്കുകയാണെന്നും അത് മനസ്സി ലാക്കണമെന്നും കൺവീനർ മൊയ്ദു കാവുങ്ങൽ പറഞ്ഞു. കൽപ്പറ്റയുടെ ജനപ്രേതിനിധികൾ മൗനം വെടിഞ്ഞു ഉമ്മൻ ചാണ്ടിയുടെ മോഹങ്ങൾക്ക് ചിറക് നൽകണമെന്ന് അഡ്വക്കേറ്റ് കെ ബാബു പറഞ്ഞു. ഇക്ബാൽ മുട്ടിൽ, ലത്തീഫ് പഞ്ചാര, കാദർ മടക്കിമല എന്നിവർ സംസാരിച്ചു. അടുത്ത വ്യാഴ്ച കൽപ്പറ്റയിൽ പൊതുയോഗവും ധർണയും നടത്താൻ കൽപ്പറ്റ ആക്ഷൻ കമ്മറ്റി തീരുമാനിച്ചു യോഗത്തിന് ഖാലിദ് പി സ്വാഗതവും പ്രജിത്ത് പി നന്ദിയും പറഞ്ഞു.
'മയങ്ങില്ല കേരളം - ഉണരുന്ന യുവത്വം': മൂലങ്കാവിൽ ലഹരിവിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു.
മൂലങ്കാവ്: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ 'മയങ്ങില്ല കേരളം - ഉണരുന്ന യുവത്വം' ലഹരിവിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവതലമുറയെ ക്രിയാത്മക വഴികളിലേക്ക് നയിക്കുന്നതിനും ലക്ഷ്യമിട്ട് സുൽത്താൻ ബത്തേരി മൂലങ്കാവ് സൗഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.എ.സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം സംവാദ സദസ്സിന് നേതൃത്വം നൽകി.ചടങ്ങിൽ അദ്ധ്യാപകരായ ടി.ആർ.ജലജ, കെ.എസ്.സുരേഷ്,വി.ആർ.മോഹനൻ,വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.വി.വിബിത,കെ.വി.സൂര്യ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്,എം.എസ്. ദിനീഷ്,സൗഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് എം.എം. സുജിത്,സെക്രട്ടറി വി.എം.മനൂപ് എന്നിവർ സംസാരിച്ചു.പ്രദേശത്തെ യുവാക്കളും നാട്ടുകാരും സദസ്സിൽ പങ്കെടുത്തു.
വയനാട് ജില്ലാ അമേച്വർ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പ് നടത്തി.
സുൽത്താൻ ബത്തേരി: അമേച്വർ തായ്ക്വോണ്ടോ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 28-ാമത് വയനാട് ജില്ലാ അമേച്വർ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പ് സുൽത്താൻ ബത്തേരിയിലെ സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ നടത്തി.ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നുള്ള കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. തായ്ക്വോണ്ടോ അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി അൽബിൻ ജോൺസൺ സ്വാഗതം ആശംസിച്ചു. അസോസിയേഷൻ പ്രസിഡന്റ് മാസ്റ്റർ രാമചന്ദ്രൻ കെ. അധ്യക്ഷത വഹിച്ചു. ബത്തേരി രൂപതയുടെ മെയിൻ വികാരി ജനറലായ റൈറ്റ് റവ. മോൺസിഞ്ഞോർ സെബാസ്റ്റ്യൻ കീപ്പള്ളിൽ കോർ എപ്പിസ്കോപ്പ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കമ്പളക്കാട് റെയ്ഞ്ച് മുസാബഖ സമാപിച്ചു ; മുഹാജിരിയ്യക്ക് ഒന്നാം സ്ഥാനം
പറളിക്കുന്ന് :രണ്ട് ദിവസങ്ങളിലായി പറളിക്കുന്നിൽ നടന്നുവന്ന കമ്പളക്കാട് റെയ്ഞ്ചിൻ്റെ 18-ാമത് ഇസ് ലാമിക കലാമേളക്ക് (മുസാബഖ) സമാപ്തി. മദ്റസാ വിദ്യാർഥികളിലെ കലാ സാഹിത്യ രംഗങ്ങളിലെ കഴിവുകൾ കണ്ടെത്തി പ്രതിഭകളെ വളർത്താനും സമൂഹത്തിൻ്റെ നന്മകൾക്ക് ഉപയോഗപ്പെടുത്താനുമായി ഒന്നിടവിട്ട വർഷങ്ങളിൽ ജം ഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ മദ്റസാ തലം മുതൽ ദേശീയ തലം വരെ സംഘടിപ്പിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇസ് ലാമിക കലാമേളയാണ് മുസാബഖ. കുടുംബം, സുപ്രഭാതം , കുരുന്നുകൾ , അൽ മുഅല്ലിം എന്നീ നാല് വേദികളിലായി 6 കാറ്റഗറിയിൽ റെയ്ഞ്ചിലെ 16 മദ്റസകളിലെ പ്രതിഭകളായ 600 ലേറെ വിദ്യാർഥികളും നൂറോളം മുഅല്ലി കളും 110 ഇനങ്ങളിലായി മാറ്റുരച്ചതിൽ 292 പോയൻ്റോടെ എവർ റോളിംഗ് ട്രോഫി മുള പറമ്പത്ത് മുഹാജിരിയ്യ മദ്റസ കരസ്ഥമാക്കി. 222 പോയൻ്റോടെ പള്ളിമുക്ക് മുല്ലഹാജി സ്മാരക മദ്റസക്കാണ് രണ്ടാം സ്ഥാനം. 186 പോയൻ്റ് നേടി കമ്പളക്കാട് അൻസാരിയ്യക്കാണ് മൂന്നാം സ്ഥാനം. മുഅല്ലിം വിഭാഗത്തിൽ മുഹാജിരിയ്യ ഒന്നാം സ്ഥാനവും പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്റസ രണ്ടാം സ്ഥാനവും കരഗതമാക്കി. സമസ്ത ഉപാധ്യക്ഷൻ വി മൂസക്കോയ മുസ് ലിയാർ ഉദ്ഘാടനം ചെയ്ത മുസാബഖയുടെ സമാപന സംഗമം എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ആർ.പി മുജീബ് തങ്ങൾ നിർവഹിച്ചു. റെയ്ഞ്ച് പ്രസിഡണ്ട് ടി വി അബ്ദുറഹ് മാൻ ഫൈസി അദ്ധ്യക്ഷനായി. വിജയികൾക്കുള്ള ട്രോഫി വിതരണവും തങ്ങൾ നിർവഹിച്ചു. മഹല്ല് -റെയ്ഞ്ച് ഭാരവാഹികളായ പി സൈനുദ്ദീൻ , എം. കെ ജലീൽ,എൻ. എച്ച് സിദ്ദീഖ് , എം.കെ ശമീർ, ഒലിച്ചിൽ മജീദ്, പി പി ഇഖ്ബാൽ , അബ്ബാസ് വാഫി, ശാഫി ഫൈസി, ഗഫൂർ മൗലവി, കെ. മുഹമ്മദ് കുട്ടി ഹസനി, പി.ടി അശ്റഫ് ഹാജി , ശുഐബ് യമാനി നേതൃത്വം നൽകി. റെയ്ഞ്ച് സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും കോഡിനേറ്റർ പി ഇബ്റാഹിം മൗലവി നന്ദിയും പറഞ്ഞുപടം കമ്പളക്കാട് റെയ്ഞ്ച് മുസാബഖയിൽ ഒന്നാം സ്ഥാന നേടിയ മുളപറമ്പ് മുഹാജിരിയ്യ ടീം സയ്യിദ് മുജീബ് തങ്ങളിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു
ഗ്യാനേഷ്കുമാര്‍ രാജിവെക്കണം: പ്രതിഷേധമിരമ്പി യു ഡി എഫ് മാര്‍ച്ച്
കല്‍പ്പറ്റ: ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ഭരണഘടന അനുശാസിക്കും വിധം വോട്ടവകാശം നേടാനും അത് സ്വതന്ത്രമായി ഉപയോഗപ്പെടുത്താനും പൗരന് അവകാശമുണ്ടെന്നിരിക്കെ, അത് അട്ടിമറിച്ച് അധികാരം കവര്‍ന്നെടുക്കാന്‍ ബി ജെ പിക്ക് വിടുപണി ചെയ്യുന്ന മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ മാന്യതയുണ്ടെങ്കില്‍ രാജി വെച്ച് പുറത്ത് പോകണമെന്ന് മന്ത്രി ടി സിദ്ധിഖ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദില്ലിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടത്തുന്ന ശക്തമായ പ്രക്ഷോഭ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജില്ല യു ഡി എഫ് കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗ്യാനേഷ്കുമാര്‍ രാജിവെക്കും വരെ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ു ഡി എഫ് ചെയര്മാന് ഇന്‍ ചാര്‍ജ് ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി. സി. സി പ്രസിഡന്റ് ടി.ജെ ഐസക് മുഖ്യ പ്രഭാഷണം നടത്തി. എം ല്‍ മാരായ ഐ ി ബാലകൃഷ്ണന്, ഉഷ വിജയന്, യു ഡി എഫ് കണ്‍വീനര്‍ എച്ച് ബി പ്രദീപ് , നേതാക്കളായ കെ എല്‍. പൗലോസ്, എം.സി സെബാസ്റ്റ്യന്‍, എന്‍.ഡി അപ്പച്ചന്, റസാഖ് കല്പറ്റ , പി.കെ. ജയലക്ഷ്മി, പി.പി ആലി, ജോസഫ് കളപ്പുര, ടി വി രഘു, ബൈജു ഐസഖ്,ഒ.വി.അപ്പച്ചന് എം. എ. ജോസഫ്, എം. ജി. ബിജു, പി.കെ. അബ്ദുള്‍ റഹ്മാന്, പി.പി. അ യൂബ്, എന്‍ . കെ. വര്‍ഗീസ്, ഡി. പി. രാജശേഖരന് ,സലിം മേമന , പടയന്‍ അമ്മദ്, അബ്ദുള്ള മാടക്കര പ്രസംഗിച്ചു.കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ഓഫീസ് പരിസരത്തു നിന്നും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധ പ്രകടനം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചുള്ള ചടങ്ങോടെ സമാപിച്ചു. പ്രകടനത്തിന് നിസ്സി അഹമ്മദ്, ശോഭന കുമാരി ബീന ജോസ് , ഗിരീഷ് കല്പറ്റ ടി മൊയ്തു നേതൃത്വം നൽകി.
വാതിലുകള്‍ തുറന്നുവെച്ച് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ പരിശോധനയുമായി കേരള പോലീസ് ;ഒരാഴ്ചയ്ക്കിടെ 2,021 ബസുകള്‍ക്കെതിരെ കേസെടുത്തു.
വാതിലുകള്‍ തുറന്നുവെച്ച് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ പരിശോധനയുമായി കേരള പോലീസ്. സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച സ്പെഷ്യല്‍ ഡ്രൈവില്‍ നിയമലംഘനം നടത്തിയ 2021 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. തുറന്നുവെച്ച വാതിലിലൂടെ യാത്രക്കാര്‍ തെറിച്ചുവീണുണ്ടായ അപകടങ്ങളില്‍ മരണങ്ങളും ഗുരുതര പരിക്കുകളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പോലീസ് പരിശോധന നടത്തിയത്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ തുറന്നുവച്ച വാതിലിലൂടെ തെറിച്ചുവീണുണ്ടായ അപകടങ്ങളില്‍ യാത്രക്കാര്‍ മരണപ്പെടുകയും, തൃശൂര്‍ ജില്ലയില്‍ യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ബസുകള്‍ ഓടുമ്പോള്‍ വാതിലുകള്‍ നിര്‍ബന്ധമായും അടച്ചിടുന്നുണ്ടെന്നും അവ സുരക്ഷിതമാണെന്നും ഉറപ്പുവരുത്താനാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ഡ്രൈവിന്റെ ഭാഗമായി 31,408 ബസ്സുകള്‍ പരിശോധിക്കുകയും നിയമലംഘനം നടത്തിയ 2021 ബസ്സുകള്‍ക്കായി 5,57,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഡ്രൈവിന്റെ ഭാഗമായി 2014 ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയതില്‍ 10,784 പേര് പങ്കെടുത്തു. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇന്‍സ്പെക്ടര്‍ ജനറലിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ പോലീസ് മേധാവിമാര്‍, ട്രാഫിക് സോണല്‍ എസ്.പിമാര്‍, എന്‍ഫോഴ്സ്മെന്റ് വിഭാഗം എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു ഡ്രൈവ് നടത്തിയത്. ഹൈവേ പട്രോള്‍ യൂണിറ്റുകളും എന്‍ഫോഴ്സ്മെന്റ് വിഭാഗവും തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകള്‍ തുടരും.നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ്പ് നമ്പര്‍ (9747001099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്.
പ്രവാസികളുടെ ഗൾഫ് യാത്രയ്ക്ക് ഇനി ചെലവേറും; മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
ഇൻഡിഗോയ്ക്ക് പിന്നാലെ മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. വിമാന ഇന്ധന വിലയിലുണ്ടായ വർധനവും ഉയർന്ന പ്രവർത്തനച്ചെലവും ചൂണ്ടിക്കാട്ടിയാണ് മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ചത്. 55 ഡോളറോളമാണ് (ഏകദേശം 200 ദിർഹത്തിലധികം) ഇരു വിമാനക്കമ്പനികളും സർചാർജ് വർധിപ്പിച്ചത്. നിരക്ക് ഉയർത്തിയതോടെ മലയാളികളടക്കമുള്ള പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ചെലവേറും. പുതിയ നിരക്കുകൾ പ്രകാരം ആഭ്യന്തര സർവീസുകളിൽ 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 850 രൂപയും, 1,500 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര യാത്രകൾക്ക് 1,200 രൂപയുമാണ് ഫ്യുവൽ സർചാർജ് ഈടാക്കുക.വ്യാഴാഴ്ചയാണ് ഇന്ത്യൻ വിമാനക്കമ്പനികൾ ഈ വർധനവ് പ്രഖ്യാപിച്ചത്. യുഎഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇരു കമ്പനികളും നേരിട്ടുള്ള സർവീസുകൾ നടത്തുന്നുണ്ട്. സമീപകാലത്തെ ജിയോപൊളിറ്റിക്കൽ മാറ്റങ്ങളും ആഗോള ഊർജ്ജ വിപണിയിലെ സമ്മർദ്ദവും കാരണം വിമാന ഇന്ധനമായ എടിഎഫ് വിലയിൽ വൻ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഇത് എയർലൈനുകളുടെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർത്തി. മിഡിൽ ഈസ്റ്റ് സംഘർഷം ആരംഭിച്ചതിനുശേഷം ജെറ്റ് ഫ്യുവൽ വില 70 ശതമാനം വരെ വർധിച്ചിട്ടുണ്ട്. ഇതിന്റെ ആഘാതം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഈ ആഴ്ച ആദ്യം മറ്റൊരു ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോയും മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ 55 ഡോളർ സർചാർജ് വർധിപ്പിച്ചിരുന്നു.
റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; 12 മരണം, മുന്നൂറോളം പേര്‍ക്ക് പരിക്ക്
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടതായി സൗദി അധികൃതര്‍. 300ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഈ ആഴ്ചയില്‍ മാത്രം നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.നാല് സൗദി പൗരന്മാര്, രണ്ട് ബംഗ്ലാദേശി പൗരന്മാര് യുഎസ്, ജോര്‍ദ്ദാന്‍, പലസ്തീന്, സിറിയ, സുഡാന്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് കൊല്ലപ്പെട്ടതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ആശുപത്രികള്‍ ഇതിനകം തന്നെ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞെന്നും അതോറിറ്റി വിശദീകരിച്ചു.ശനിയാഴ്ച റിയാദില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും വഴിതിരിച്ചുവിട്ടു. 'റിയാദ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടി' എന്ന് ആക്രമണത്തിന് ശേഷം ഹൂതി മീഡിയ ഓഫീസ് മേധാവി എക്സില്‍ കുറിച്ചു. സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച ഹൂതികള്‍ക്കെതിരെ ആക്രമണം ആരംഭിച്ചതോടെ വിമാനങ്ങള്‍ സൗദി വ്യോമാതിര്‍ത്തികള്‍ ഒഴിവാക്കണമെന്ന് ഹൂതികള്‍ അറിയിച്ചിരുന്നു
ഇനി 'ഇൻഡ്യ'യുടെ ഊഴം; തിങ്കളാഴ്ച ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച്.
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഇൻഡ്യ സഖ്യം. തിങ്കളാഴ്ച എല്ലാ സഖ്യകക്ഷി നേതാക്കളെയും ഉൾപ്പെടുത്തി വമ്പൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് പ്രതിഷേധ മാർച്ചിന്റെ കാര്യം അറിയിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ആശങ്കയുള്ള ഓരോ ഇന്ത്യക്കാരനും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്നും കഴിഞ്ഞ ദിവസം എല്ലാ നേതാക്കളുമായും ചർച്ചകൾ നടത്തിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സഖ്യത്തിലെ മുതിർന്ന നേതാക്കൾ ചീഫ് ജസ്റ്റിസിന് മെമ്മോറാണ്ടം നൽകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഗ്യാനേഷ് രാജിവെക്കണമെന്നും ഈ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.അതേസമയം, സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതിലുള്ള കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഞായറാഴ്ചയായതിനാൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹർജികൾ പരിഗണിക്കുക. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരാണ് ഹർജികൾ പരിഗണിക്കുക.
ദേശീയ ടീമില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സസ്പെന്‍ഡ് ചെയ്തു.
കോച്ചിനോട് കലഹിച്ച് ദേശീയ ടീം ക്യാമ്പില്‍ നിന്നിറങ്ങിപ്പോയ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ കടുത്ത നടപടിയുമായി ഫുട്ബോള്‍ ഫെഡറേഷന്. നാല്‍പ്പത്തിയൊന്നുകാരനായ താരത്തിന് താത്കാലിക വിലക്കേര്‍പ്പെടുത്തി. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീമില്‍ ഉള്‍പ്പെടാതിരുന്നതിന് പിന്നാലെ ടീം വിട്ട റൊണാള്‍ഡോ പരിശീലകന് ജോര്‍ജ്ജ് ജീസസിനെ വിമര്‍ശിച്ചുകൊണ്ട് ഈ ആഴ്ച ആദ്യം കുറിപ്പ് പുറത്തിറക്കിയിരുന്നു. ആരാധകരോട് മാപ്പപേക്ഷിച്ച താരം ഫെഡറേഷന് നല്കുന്ന ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം ഫെഡറേഷന് സ്ഥിരീകരിച്ചു. ഇക്കാര്യം സൂചിപ്പിച്ച് അവര്‍ വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. റൊണാള്‍ഡോയുടെ നടപടിയെ 'അടിയന്തര പ്രാധാന്യമുള്ളത്' എന്ന് പരാമര്‍ശിച്ച ഫെഡറേഷന്, അന്തിമ ശിക്ഷാ നടപടിയെക്കുറിച്ചുള്ള തീരുമാനം വരുന്നത് വരെ റൊണാള്‍ഡോ സസ്പെന്‍ഷനിലാണെന്നും സ്ഥിരീകരിച്ചു.
രാജ്യത്താകെ ആഞ്ഞുവീശാൻ പോകുന്ന പ്രക്ഷോഭ കൊടുങ്കാറ്റിന്റെ തുടക്കം മാത്രം, ഒരിഞ്ച് പിന്നോട്ടില്ല: പിണറായി വിജയൻ
തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച് ജനാധിപത്യ പ്രക്രിയയെ നോക്കുകുത്തിയാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നതുവരെ പോരാട്ടത്തില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ട് പോകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഭരണകൂട ഭീകരതയുടെ ബാരിക്കേഡുകള്‍ കൊണ്ട് തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നതല്ല ഇന്ത്യന്‍ ജനതയുടെ പോരാട്ടവീറെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ഡല്‍ഹി ജന്തര്‍ മന്തറില്‍ ഇന്ന് ആഞ്ഞടിച്ച ജനരോഷം ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും തച്ചുടയ്ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെയുള്ള അതിശക്തമായ താക്കീതാണ്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളെ ഓര്‍മ്മിപ്പിക്കുകയാണ് സംഘപരിവാര്‍ നേതൃത്വം നല്‍കുന്നകേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. ലാത്തി കൊണ്ടോ, തടവറ കൊണ്ടോ, നിരോധനാജ്ഞ കൊണ്ടോ ജനതയുടെ ഇച്ഛാശക്തിയെ അടിച്ചമര്‍ത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും ഭയത്തിന്റെ മതിലുകള്‍ തകര്‍ത്ത് രാജ്യത്തിന്റെ വീണ്ടെടുപ്പിനായി തെരുവിലിറങ്ങിയ യുവത്വം ഈ രാജ്യത്തിന്റെ പ്രതീക്ഷാ നാളമാണെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു
യാത്രക്കാർ ഏറെ ആഗ്രഹിച്ച മാറ്റവുമായി ദക്ഷിണ റെയിൽവേ: തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ജനശതാബ്ദി കോച്ചുകളിലെ സീറ്റ് മാറ്റി
ജനശതാബ്ദി എക്സ്പ്രസ്സുകളിലെ 'L' രൂപത്തിലെ കുത്തനെയുള്ള സീറ്റുകൾ കാരണം ഏറെ പ്രയാസപ്പെട്ടിരുന്ന യാത്രക്കാർക്ക് ആശ്വാസവാർത്ത. നാളെ (ഒക്ടോബർ 11) മുതൽ ജനശതാബ്ദി എക്സ്പ്രസ്സുകളിൽ പുഷ്ബാക്ക് സീറ്റുകൾ ഉൾപ്പെടുത്തിയ പുതിയ എൽ.എച്ച്.ബി (LHB) നോൺ-എസി ചെയർ കാർ കോച്ചുകൾ സർവീസ് ആരംഭിക്കും. റെയിൽവേയുടെ നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റമെന്നാണ് ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്. രണ്ടു ഘട്ടങ്ങളിലായാണ് ഈ പുഷ്ബാക്ക് സീറ്റുകൾ ട്രെയിനുകളിൽ ലഭ്യമാകുക.ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സിൽ (12082) നാളെ മുതൽ ഇരുവശങ്ങളിലേക്കുമുള്ള യാത്രകളിൽ പുഷ്ബാക്ക് സീറ്റുകളോട് കൂടിയ കോച്ചുകൾ ലഭ്യമാകും. രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം - കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സിലും (12076/12075) ഉടൻ തന്നെ പുഷ്ബാക്ക് സീറ്റുകൾ സജ്ജമാക്കും. ദീർഘദൂര യാത്രകളിൽ മുൻപത്തെ കുത്തനെയുള്ള സീറ്റുകൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി യാത്രക്കാരിൽ നിന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മെച്ചപ്പെട്ട സൗകര്യങ്ങളോടെയുള്ള പുഷ്ബാക്ക് സീറ്റുകൾ അവതരിപ്പിക്കുന്നത്.
നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ ദാരുണമായി മരിച്ചു.
എറണാകുളം: നെടുമ്പാശ്ശേരിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. അമിത വേഗതയിലെത്തിയ മിനികൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് ഈ വലിയ ദുരന്തമുണ്ടായത്.പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വയനാട് മടക്കിമല സ്വദേശിനി ദേവിക(21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇയാസ്(21) എന്നിവരാണ് മരിച്ചത്.. അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.അപകടത്തിന് ശേഷം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവർ സുഹൈൽ സജീവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.ഇയാൾ ലഹരിഉപയോഗിച്ചിരുന്നതായിസംശയിക്കുന്നതായി പോലീസ്അറിയിച്ചു. സംഭവത്തിൽ പോലീസ്തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
ഡൽഹി സമരത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാക്കൾക്ക് സ്വീകരണം നൽകി
ഡിവൈഎഫ്ഐ പനമരം ബ്ലോക്ക് സെക്രട്ടറി കെ കെ ഇസ്മായിൽ,വയനാട് ജില്ലാ കമ്മിറ്റിയംഗം അഡ്വ. നിഖിൽ ബേബി എന്നിവർക്കാണ് സ്വീകരണം നൽകിയത്. സ്വീകരണ യോഗം ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. സ. കെ പി ഷിജു അധ്യക്ഷനായി.എംപി അക്ഷയ്, എംഎ ചാക്കോ, കെസി ജബ്ബാർ, കാസിം പുഴയ്ക്കൽ, എംകെ സുധാകരൻ, ജുബൈരിയത്ത് എന്നിവർ സംസാരിച്ചു.
ലോക തപാൽ ദിനം ആചരിച്ചു
സുൽത്താൻ ബത്തേരി: സർവജന ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക തപാൽ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പതിവായി കത്തുകളുമായെത്തുന്ന പോസ്റ്റ്മാൻ ഷാജുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.പ്രിൻസിപ്പൽ ദിലിൻ സത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പോസ്റ്റ്മാൻ ഷാജു ഉദ്ഘാടനം ചെയ്തു. തപാൽ സേവനങ്ങളുടെ ചരിത്രം, തപാൽ മേഖലയിലെ ആധുനിക സംവിധാനങ്ങൾ, തപാൽ വകുപ്പിന്റെ വൈവിധ്യവത്കരണം എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.ചടങ്ങിൽ വൊളണ്ടിയർ ലീഡർ സാജിത ഷെറിൻ സ്വാഗതവും വൊളണ്ടിയർ ലീഡർ മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു. മനോജ് സി.കെ., സിന്ധു ഡി.കെ., ആൽവിൻ എന്നിവർ ആശംസകൾ നേർന്നു. ദിനാചരണത്തിന്റെ ഭാഗമായി വൊളണ്ടിയർമാർ സ്റ്റാമ്പ് ശേഖരണ പ്രദർശനവും സംഘടിപ്പിച്ചു.തുടർന്ന് വിദ്യാർഥികൾ സുൽത്താൻ ബത്തേരി പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും സുഹൃത്തുക്കൾക്ക് സ്നേഹസന്ദേശങ്ങൾ ഉൾപ്പെടുത്തിയ കത്തുകൾ അയക്കുകയും ചെയ്തു. പോസ്റ്റ്മാസ്റ്ററുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ഹൃദ്യമായ സ്വീകരണം നൽകി. തപാൽ ഓഫീസ് സേവനങ്ങളെക്കുറിച്ചും ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ മേഖലകളിലൊന്നായ തപാൽ വകുപ്പിലെ തൊഴിലവസരങ്ങളെക്കുറിച്ചും അധികൃതർ വിശദീകരിച്ചു. സന്ദർശനത്തിന്റെ ഭാഗമായി വളണ്ടിയർമാർ സർവജന എൻ.എസ്.എസ്. യൂണിറ്റിന്റെ ഉപഹാരം പോസ്റ്റ്മാസ്റ്റർക്ക് കൈമാറി.
മൂന്നര മണിക്കൂർ പിണറായിയെ വട്ടംകറക്കി ദില്ലി പൊലീസ്, മരുന്നും ഭക്ഷണവും മുടങ്ങി; ഒടുവിൽ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചു, പ്രതിഷേധം തുടരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധത്തിനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത പൊലീസ്, വാഹനത്തിൽ മൂന്നര മണിക്കൂറോളം വട്ടംകറക്കി. രാവിലെ പതിനൊന്ന് മണിയോടെ പിണറായിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ പ്രതിഷേധിച്ചെങ്കിലും ദില്ലി പൊലീസ് അവഗണന തുടരുകയായിരുന്നു. പിണറായിയുടെ ഭക്ഷണവും മരുന്നുമടക്കം മുടങ്ങിയെന്ന് ഒപ്പമുള്ള നേതാക്കൾ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തു. പ്രായമായ ഒരു നേതാവിനോട് തികച്ചും മോശമായാണ് പെരുമാറിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നേരത്തെ സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, പി കെ ശ്രീമതി, കെ കെ ശൈലജ അടക്കമുള്ള നേതാക്കളെയും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. സി പി എം പിബി അംഗം വിജു കൃഷ്ണൻ, സി ഐ ടി യു നേതാക്കൾ, എസ് എഫ് ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കി.
പിണറായി ദില്ലി പൊലീസിന്റെ കസ്റ്റഡിയിൽ തുടരുന്നതിൽ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി; സ്ഥിതിഗതികൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ദില്ലി പൊലീസ് കസ്റ്റഡിയിൽ തുടരുന്നതിൽ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശൻ. പിണറായി കസ്റ്റഡിയിലുള്ള സ്ഥിതി ഗതികൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. റെസിഡൻസ് കമ്മീഷണറുമായി ബന്ധപ്പെടാനും ഇടപെടാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. പിണറായിയെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയതിനെ തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായത്.
2030 ഫിഫ ലോക കപ്പ്: പവര്‍ റാങ്കിങ്ങില്‍ അര്‍ജന്റീന അഞ്ചാമത്; ആദ്യ നാല് സ്ഥാനങ്ങള്‍ കൈയ്യടക്കി യൂറോപ്യന്‍ ടീമുകള്‍
2030 ലോകകപ്പിന് മുന്നോടിയായി സ്പോര്‍ട്സ് മാധ്യമമായ ഇഎസ്പിഎന്‍ പുറത്തുവിട്ട പവര്‍ റാങ്കിംഗില്‍ അര്‍ജന്റീന അഞ്ചാമത്. ആദ്യസ്ഥാനത്ത് 2026 ലോക കപ്പ് ജേതാക്കളായ സ്പെയിന് എത്തിയപ്പോള്‍ യൂറോപ്യന്‍ ടീമുകള്‍ തന്നെയാണ് തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങളും കൈയ്യടക്കിയത്. രണ്ടാംസ്ഥാനത്തും മൂന്നാം സ്ഥാനത്തും കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളായ ഫ്രാന്‍സും ഇംഗ്ലണ്ടുമാണ് എത്തിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ആണ് നാലാം സ്ഥാനത്ത്. പട്ടികയില്‍ ആറാമതാണ് ബ്രസീലിന്റെ സ്ഥാനം. നെതര്‍ലാന്‍ഡ്സിന് തൊട്ടുതാഴെയായി ജര്‍മ്മനി എട്ടാമതും 2018, 2022, 2026 എന്നിങ്ങനെ മൂന്നുതവണ തുടര്‍ച്ചയായി ഫിഫ ലോക കപ്പിലേക്ക് എന്‍ട്രി കിട്ടാതിരുന്ന ഇറ്റലി പന്ത്രണ്ടാമതുമായി പട്ടികയിലുണ്ട്. പതിമൂന്നാമതായി ഏഷ്യയില്‍ നിന്നുള്ള ജപ്പാന് ലിസ്റ്റില്‍ ഇടം പിടിച്ചപ്പോള്‍ ഖത്തര്‍, യുഎസ്എ ലോക കപ്പില്‍ കരുത്തരായി മാറിയ മൊറോക്കോ ഒന്‍പതാം സ്ഥാനത്തുണ്ട്. പതിനഞ്ചാമതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ് പട്ടികയിലുള്ളത്. 19 പത്രപ്രവര്‍ത്തകരുടെയും എഡിറ്റര്‍മാരുടെയും പാനല്‍ ആണ് ഫിഫ ലോകകപ്പിനുള്ള ആദ്യ പതിനഞ്ച് ടീമുകള്‍ക്ക് റാങ്ക് നല്‍കിയത്. താഴെ നല്കിയിരിക്കുന്നതാണ് പട്ടിക.
ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം; പിണറായി അടക്കമുള്ള സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ സിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. പിണറായി വിജയന്, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, പി കെ ശ്രീമതി, കെ കെ ശൈലജ, എന്നിവരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൈസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. നടക്കുന്നത് ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയന് മാധ്യമങ്ങളോട് പ്രതികരിച്ചു. സിജെപി സമരത്തിന് പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

