പെട്ടെന്ന് പണത്തിന് ആവശ്യം വന്നാല്‍ പണ്ടൊക്കെ പലരും ആരോടെങ്കിലും കടം ചോദിക്കാറാണ് പതിവ്. എന്നാല്‍ ഇന്ന് പല ലോണ്‍ ആപ്പുകളും വന്നപ്പോള്‍ എല്ലാവരും അതിനെയാണ് ആശ്രയിക്കാറുള്ളത്. നിരവധി ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അതിവേഗം ലോണുകള്‍ നല്‍കാറുണ്ട്. അതുകൊണ്ട് ഇത്തരം ലോണുകളെ ഈസി ലോണ്‍ എന്ന് പറയാം. എന്നാല്‍ എല്ലാ ലോണുകളും അത്ര ഈസി അല്ല. ഒന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ പല ലോണ്‍ ആപ്പുകളും ഉപഭോക്താക്കള്‍ക്ക് എട്ടിന്റെ പണിയും കൊടുക്കാറുണ്ട്. പലർക്കും ലോണുകള്‍ക്ക് പിന്നിലെ തട്ടിപ്പുകളെ കുറിച്ചറിയില്ല…
ശ്രദ്ധിച്ചില്ലെങ്കില്‍ ട്രാപ്പാകും
പെട്ടെന്ന് ലഭിക്കുന്ന ലോണുകള്‍ക്കെല്ലാം അമിത പലിശ നല്‍കേണ്ടി വരുമെന്നതാണ് ഇത്തരം ഈസി ലോണുകളുടെ പ്രത്യേകത. പലപ്പോഴും വാർഷിക പലിശയ്ക്ക് പകരം പ്രതിമാസ പലിശയായിരിക്കും പറയുക. അതുപോലെ പലതരം ഹിഡൻ ചാർജുകളും ഇതിനിടിയിലുണ്ടാകും. തിരിച്ചടയ്ക്കാനുള്ള കാലാവധി വളരെ കുറവായിരിക്കും. ലോണ്‍തിരിച്ചടവ് മുടങ്ങിയാല്‍ ലോണ്‍ എടുത്തവർക്ക് ഭീഷണി ഉള്‍പ്പെടെ പലതും നേരിടേണ്ടി വന്നേക്കാം. അതായത് ഈ ലോണുകളുടെ ഏറ്റവും വലിയ പ്രശ്നം എന്തെന്നാല്‍ പണം തിരിച്ചുപിടിക്കാൻ എന്തുമാർഗങ്ങളും ഇത്തരം പ്ലാറ്റ്ഫോമുകള് സ്വീകരിക്കും എന്നതാണ്. എന്നാല്‍ പണിയറിയുന്ന ഉപഭോക്താക്കള്‍ ലോണ്‍ ആപ്പിനും തിരിച്ച് പണി കൊടുക്കാറുണ്ട്. അതുപോലെ മാർക്കറ്റിങ് തന്ത്രവും പെട്ടെന്ന് ലക്ഷ്യം നേടാനുള്ള ആഗ്രഹവുമൊക്കെ പലരും വായ്പാതട്ടിപ്പില്‍ വീഴാനുള്ള കാരണങ്ങളാണ്.
ഇക്കാര്യങ്ങള്‍ കൂടിശ്രദ്ധിക്കണേ…
★ ലോൺ എടുക്കുന്ന പ്ലാറ്റ്ഫോമിന് നിയമപരമായ അംഗീകാരമുണ്ടോ എന്ന് നോക്കുക
★ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നുതന്നെ ലോണെടുക്കാൻ ശ്രമിക്കുക
★ ലോണെടുക്കും മുമ്പ് നിബന്ധനകള്‍ കൃത്യമായി വായിക്കുക
★ വിവിധ പ്ലാറ്റ്ഫോമുകളുടെ പലിശ നിരക്കും നിബന്ധനകളും താരതമ്യം ചെയ്യാം.
★ ഫോണ്‍ പോലുള്ള ഗാഡ്ജറ്റ് വാങ്ങാനും യാത്രകള്‍ക്കും ലോണ്‍ എടുക്കാതിരിക്കുക
★ ഒരു എമർജൻസി ഫണ്ട് സ്വരുക്കൂട്ടുക.