തിരുവനന്തപുരം: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ഏറെ നടത്തുന്ന വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. മെസേജുകള്‍ക്കും മീഡിയ ഫയലുകള്‍ക്കും സ്റ്റിക്കറിലൂടെ റിയാക്ട് ചെയ്യാനുള്ള ഫീച്ചറാണ് പരീക്ഷണഘട്ടത്തിലുള്ളത്. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്‌ഫോമിലാണ് മെറ്റ മെസേജുകള്‍ക്കും മീഡിയകള്‍ക്കുമുള്ള സ്റ്റിക്കര്‍ റിയാക്ഷന്‍ പരീക്ഷിക്കുന്നത്. വാട്സ്ആപ്പ് ആന്‍ഡ്രോയ് 2.25.13.23 ബീറ്റാ വേര്‍ഷനില്‍ ഈ പുത്തന്‍ ഫീച്ചര്‍ കാണാം. പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാമില്‍ ടെസ്റ്റര്‍മാര്‍ക്ക് ലഭിക്കും.
വാട്‌സ്ആപ്പില്‍ സ്റ്റിക്കറുകള്‍ ഉപയോഗിച്ച് മെസേജുകളോടും മീഡിയ ഫയലുകളോടും റിയാക്ട് ചെയ്യാനുള്ള ഫീച്ചര്‍ ഉടന്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കുമെന്ന് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഒരു മെസേജിനോട് അതിവേഗം പ്രതികരിക്കാന്‍ വാട്‌സ്ആപ്പ് യൂസര്‍മാര്‍ക്കാകും. സ്റ്റിക്കര്‍ കീബോര്‍ഡിലുള്ളതും വാട്സ്ആപ്പ് സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ‍് ചെയ്തതുമായ എല്ലാ സ്റ്റിക്കറുകളും ഇത്തരത്തില്‍ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് സൂചന. മറ്റ് ആപ്പുകളില്‍ നിന്ന് എടുക്കുന്ന തേഡ്-പാര്‍ട്ടി സ്റ്റിക്കറുകളും ഇത്തരത്തില്‍ മെസേജുകളോടും മീഡിയ ഫയലുകളോടും റിയാക്ട് ചെയ്യാന്‍ ഉപയോഗിക്കാം എന്നാണ് റിപ്പോര്‍ട്ട്. മെസേജുകള്‍ക്കും മീഡിയ ഫയലുകള്‍ക്കും സ്റ്റിക്കര്‍ റിയാക്ഷന്‍ നല്‍കാനുള്ള സൗകര്യം നിലവില്‍ ഐമെസേജിലുണ്ട്.