തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തില്‍ കെ എസ് ആർ ടി സി ജീവനക്കാര്‍ക്ക് അവധി ദിവസമായിട്ടും ഒന്നാം തിയതി തന്നെ ശമ്പളം കൊടുക്കാനായതിന്‍റെ സന്തോഷം പങ്കുവച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്‍റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്ക് നിക്ഷേപിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നൽകിയിരുന്നുവെന്നും ഈ നിർദ്ദേശ പ്രകാരമാണ് മെയ് ദിനത്തില്‍ കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകാനായതെന്നും മന്ത്രി വിവരിച്ചു.
ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരുടെ കൈകളിലേക്ക് എഴുപത്തിയഞ്ചു കോടി ആറു ലക്ഷം രൂപയാണ് എത്തിച്ചേർന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രവര്‍ത്തന പുരോഗതിയിലും തൊഴിലാളി ക്ഷേമ നടപടികളിലും അഭിമാനകരമായ ഒരു ചരിത്രമെഴുതുകയാണ് ഈ മെയ് ദിനത്തില്‍ കെ എസ് ആർ ടി സിയെന്നും ഗണേഷ് കുമാർ പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു