ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആധികാരിക ജയം നേടിയെങ്കിലും പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനാവാതെ ഗുജറാത്ത് ടൈറ്റന്‍സ്. ഹൈദരാബാദിനെതിരെ നേടിയ 38 റണ്‍സ് ജയത്തോടെ ഗുജറാത്ത് 14 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 14 പോയന്‍റുള്ള റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മൂന്നാം സ്ഥാനത്തേക്ക് വീണു.
രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ 100 റണ്‍സ് ജയത്തോടെ നെറ്റ് റണ്‍ റേറ്റില്‍(+1.274) മുന്നിലെത്തിയ മുംബൈ ഇന്ത്യൻസ് 14 പോയന്‍റുമായി ഒന്നാമത് നില്‍ക്കുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ മുംബൈയെക്കാള്‍ പിന്നിലാണെങ്കിലും രണ്ടും മൂന്നും സ്ഥാനത്തുള്ള ഗുജറാത്തിനും ആര്‍സിബിക്കും മംബൈയെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ചതിന്‍റെ ആനുകൂല്യമുണ്ട്. 10 കളികളില്‍ 13 പോയന്‍റുള്ള പഞ്ചാബ് കിംഗ്സാണ് നാലാം സ്ഥാനത്ത്.