ഏത് പ്രായത്തിലുള്ളവരെയും പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഉറക്കകുറവ്. രാത്രികളിൽ കിടന്നാലും പലർക്കും ഉറക്കം വരാറില്ല. ചിലപ്പോൾ പാതി മുറിഞ്ഞ് പോകുന്ന ചെറിയ ഉറക്കമായിരിക്കും ചിലർക്ക് ലഭിക്കാറുള്ളത്. ഇത്തരത്തിൽ ഏത് തരത്തിലുള്ള ഉറക്കകുറവ് ആയാലും അത് തലച്ചോറിനെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഉറക്കക്കുറവ് തലച്ചോറിനെ വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിക്കുമെന്നാണ് പുതിയ പഠനം. സാൻ ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. മോശം ഉറക്കവും തലച്ചോറിന്റെ സങ്കോചവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടത്തിയ ഈ പഠനത്തിൽ ആണ് ഉറക്കക്കുറവ് വാർദ്ധക്യത്തിലേക്ക് എളുപ്പം നയിക്കുമെന്ന് കണ്ടെത്തിയത്.
മനുഷ്യർക്ക് പ്രായമാകുന്തോറും തലച്ചോർ ചുരുങ്ങുന്നത് എന്തുകൊണ്ടാണെന്ന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴക്കുന്ന ചോദ്യമാണ്. പ്രായമാവുന്നതിന് അനുസരിച്ച് തലച്ചോർ സങ്കോചിക്കാറുണ്ട്. അതേസമയം പുതിയ പഠനത്തിൽ ശരിയായി ഉറങ്ങാത്തത് തലച്ചോറിനെ ചുരുക്കാനും എളുപ്പം വാർദ്ധക്യത്തിലേക്ക് തള്ളാനും കാരണമാവുന്നുണ്ടെന്നാണ് കണ്ടെത്തൽ.