ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ അതിർത്തി കടന്നുള്ള പ്രകോപനം തുടരുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ ഉടനീളം കടുത്ത ജാഗ്രത തുടരുകയാണ്. ഇന്നലെ രാത്രി ഇന്ത്യയിലെ ജമ്മു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചെങ്കിലും ഒന്നുപോലും നിലംതൊടാതെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അവയെ വെടിവെച്ചിടുകയായിരുന്നു. തുടർന്ന് മിനിറ്റുകൾക്കകം ഇന്ത്യ ശക്തമായ തിരിച്ചടി നൽകി.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സൈനിക വിഭാഗങ്ങൾ സജ്ജമായിരിക്കുമ്പോൾ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകൾ നിർദേശം നൽകിയിട്ടുണ്ട്. അതിർത്തിക്കടുത്തുള്ള പല ജില്ലകളിലെയും സംസ്ഥാന പൊലീസ് സേനകളിലെ ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കിയിരിക്കുകയാണ്. ദില്ലിയിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും അവധി റദ്ദാക്കി ജോലികളിൽ പ്രവേശിക്കാൻ സർക്കാർ നിർദേശം നൽകുകയും ചെയ്തു.