ആറ്റിങ്ങലിൽ അച്ഛൻ കുട്ടികളെ തല്ലുന്നതായി പ്രചരിച്ച വീഡിയോയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുനിൽ കുമാറിൻ്റെ ഭാര്യ വിശദീകരണവുമായി രംഗത്ത്. സുനിൽ കുമാറിനെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ആണ് ആ വീഡിയോ എടുത്തതെന്നും, അയാള് കുട്ടികളെയോ തന്നെയോ ഉപദ്രവിക്കുന്ന ഒരാളല്ലെന്നുമാണ് ഭാര്യ പറയുന്നത്.
ആദ്യമായിട്ടാണ് സുനിൽ കുമാർ കുട്ടികളെ തല്ലിയത് അതും ചെറിയൊരു ഈർക്കിലി വെച്ചാണ് തല്ലുന്നത് എന്നും, താൻ വീഡിയോ എടുക്കുന്നത് കണ്ട മകൾ അച്ഛനെ പേടിപ്പിക്കാൻ വേണ്ടി മാത്രമാണ് നിലവിളിച്ചതെന്നും, രോഗിയായ തന്നെ ഒരുപാട് കഷ്ടപെട്ടാണ് നോക്കുന്നതെന്നും, ട്രീറ്റ്മെന്റിനായി ഇന്ന് പോകാൻ ഇരിക്കുകയായിരുന്നുമെന്നാണ് ഇവർ പറയുന്നത്. കുടുംബ ഗ്രൂപ്പിലിട്ട വീഡിയോ എങ്ങനെ പുറത്തു പോയെന്ന് അറിയില്ല. തന്റെ ഭർത്താവ് നല്ലൊരു മനുഷ്യനാണെന്നുള്ളത് അയൽവാസികളോട് ആരോട് ചോദിച്ചാലും മനസ്സിലാകുമെന്നും അവർ പറയുന്നു.
ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പക്ഷേ വീഡിയോ വൈറൽ ആയതോടെ പോലീസ് തന്നെ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഇയാള് ആരെന്നറിയാനായി പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെടുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറൽ ആയതിനെ തുടർന്ന് പല ആളുകളും രംഗത്തുവന്നിരുന്നു. ഇതേ തടർന്നാണ് ആറ്റിങ്ങൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള നടപടിയുണ്ടാവുമെന്നും തുടർന്ന് കോർട്ടിൽ ഹാജരാക്കും എന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാൽ അതിനിടയിലാണ് അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ഭാര്യ തന്നെ രംഗത്ത് വന്നിരിക്കുന്നത്.