നടൻ ഗിന്നസ് പക്രു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രം ശ്രദ്ധനേടുന്നു. നടൻ ജയന്റെ ശരപഞ്ചരത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട രംഗം അതേ പടി അനുകരിക്കുകയാണ് പക്രു.
‘പറ്റിയ കുതിരയെ കിട്ടിയില്ല…!കിട്ടിയവനെ വെച്ച് അന്നങ്ങു ചെയ്തു’- എന്നാണ് ചിത്രത്തിനൊപ്പം പക്രു കുറിച്ചത്. പക്രുവിനെ പ്രശംസിച്ച് ഒട്ടനവധിപേർ കമന്റ് ചെയ്തു. ‘താങ്കൾ നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാനാകട്ടെ എന്നും പോകുന്നു കമന്റുകൾ.
അതേ സമയം ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് പക്രുവിപ്പോൾ. ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ രാമദാസ് സംവിധാനം ചെയ്ത ഇളയരാജയ്ക്ക് മികച്ച നടൻ വിഭാഗത്തിലടക്കം മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു. പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗയ്ക്കും ഗോൾഡൻ കൈറ്റ് പുരസ്‌കാരവും സിനിമക്കും ലഭിച്ചു.
തൃശൂർ റൗണ്ടിൽ കപ്പലണ്ടി വിൽപ്പനക്കാരനായ വനജനെയാണ് ഗിന്നസ് പക്രു ഇളയരാജയിൽ അവതരിപ്പിച്ചത്. വനജന്റെ അതിജീവനത്തെ കേന്ദ്രീകരിച്ചായിരുന്നു സിനിമ.