ഓപ്പറേഷൻ സിന്ദൂറില്‍ രാജ്യം നേടിയ ഈ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.
സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോർമുഖത്ത് സേനകള്‍ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്ന് പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു.
പാക് ഭീകരവാദത്തെ ഓർമ്മിപ്പിച്ച് വെള്ളവും, രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, പാകിസ്ഥാനുമായി ചർച്ച നടന്നാല്‍ അത് പാക് അധീന കശ്‌മീരുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും എന്നും വ്യക്തമാക്കി. പഹല്‍ഗാമിലേക്ക് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. അമ്മമാർക്കും, ഭാര്യമാർക്കും ,കുഞ്ഞുങ്ങള്‍ക്കും മുന്നിലാണ് ഭീകരരുടെ വെടിയേറ്റ് നിഷ്‌കളങ്കരായ 26 പേർ പിടഞ്ഞുവീണ് മരിച്ചത്.
മതത്തിൻ്റെ പേരിലാണ് ഭീകരർ ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല. അതില്‍ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത്. പഹല്‍ഗാം ആക്രമണത്തിന് പാകിസ്ഥാനില്‍ ഭീകരരുടെ പരിശീലന കേന്ദ്രത്തില്‍ കടന്നു കയറി ഇന്ത്യ മറുപടി നല്‍കി. ഭീകരർ സ്വപ്നത്തില്‍ പോലും ഇങ്ങനെയൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. ഓപ്പറേഷൻ സിന്ദൂരിലൂടെ നീതി നടപ്പായിരിക്കുന്നു.
ബവല്‍പൂരിലും, മുരിട്കെയിലും ആഗോള തീവ്രവാദ കേന്ദ്രങ്ങളായിരുന്നു പ്രവർത്തിച്ചിരുന്നത്. ആ കേന്ദ്രങ്ങള്‍ ഭാരതം ഭസ്മമാക്കി കളഞ്ഞു. ഭീകരതയുടെ യൂണിവേഴ്സിറ്റികളാണ് ഇല്ലാതായത്.നമ്മുടെ പെണ്‍കുട്ടികളുടെ സിന്ദൂരം ഭീകരർ മായ്ച്ചു. നമ്മള്‍ അവരെ ഭൂമുഖത്ത് നിന്ന് മായ്ച്ച് കളഞ്ഞു. പാകിസ്ഥാൻ്റെ ഡ്രോണുകളും മിസൈലുകളും ഇന്ത്യ തകർത്തിട്ടു. വായുസേന പാകിസ്ഥാൻ്റെ എയർ ബേസുകള്‍ തകർത്തു. പാകിസ്ഥാൻ ഭയന്ന് ലോകം മുഴുവൻ രക്ഷ തേടി. നിവൃത്തിയില്ലാതെ വന്നതോടെ പാകിസ്ഥാൻ ഇന്ത്യയുടെ ഡിജിഎമ്മിനെയും വിളിച്ചു. എല്ലാം തകർന്നതോടെ രക്ഷിക്കണേയെന്ന് കേണപേക്ഷിച്ചു, വെടിനിർത്തലിന് യാചിച്ചു.
ഇന്ത്യ ജാഗ്രത തുടരുകയാണ്. എല്ലാ സേനകളും ജാഗ്രതയിലാണ്. ഒന്നിനും പൂർണ വിരാമമായെന്ന് കരുതരുത്. ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട. ബ്ലാക് മെയ്‌ലിങ് ഇന്ത്യയില്‍ ചെലവാകില്ല. പാകിസ്ഥാൻ്റെ സർക്കാർ സ്പോണ്‍സേർഡ് തീവ്രവാദം അവസാനിപ്പിക്കും. പ്രകോപനത്തിന് മുതിർന്നാല്‍ തിരിച്ചടിക്കും. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പുതിയ യുദ്ധമുഖം തുറന്നു. ആധുനിക യുദ്ധ ശേഖരം ഇന്ത്യയുടെ ശക്തിയാണ്. ഇന്ത്യക്ക് ഭീകരവാദത്തോടും യുദ്ധത്തോടും താത്പര്യമില്ല. ഭീകരവാദം പാകിസ്ഥാനെ തകർക്കുമെന്നും മോദി പറഞ്ഞു.