ഇന്നലെ രാത്രി കേരളത്തിലെയും തമിഴ്‌നാട്ടിലെയും എയർടെൽ ഉപയോക്താക്കൾ ഒന്നടങ്കം ആശങ്കയിലായിരുന്നു. കോളുകൾ ചെയ്യാനും ഇന്റർനെറ്റ് ഉപയോഗിക്കാനും പലർക്കും സാധിച്ചിരുന്നില്ല. ഫേസ്ബുക്കിലും എക്‌സിലും ഇതിനെ തുടർന്ന് പരാതികളും ആശങ്കകളും നിറഞ്ഞിരുന്നു. വൈകുന്നേരം 7:00 മണി മുതലാണ് വ്യാപകമായി എയർടെൽ നെറ്റ്വര്‍ക്കുകള്‍ക്ക് പ്രശ്‌നം നേരിട്ടത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം സേവനങ്ങൾ മുടങ്ങിയിരുന്നു. രാത്രി 8:30 ഓടെ, ഡൗൺ ഡിറ്റക്ടർ പോലുള്ള ഔട്ടേജ്-ട്രാക്കിംഗ് പ്ലാറ്റ്ഫോമുകളിൽ 8,400-ലധികം പരാതികൾ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. എയർടെൽ തങ്ങളുടെ നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കിടയിലാണ് ഈ സംഭവം. 2025 മാർച്ചിൽ, 11,000-ത്തിലധികം നെറ്റ്വർക്ക് സൈറ്റുകളുള്ള കേരളത്തിലെ മുൻനിര ടെലികോം ഓപ്പറേറ്ററായി എയർടെൽ മാറിയതായി പ്രഖ്യാപിച്ചിരുന്നു.