സ്പാനിഷ് സൂപ്പർ കപ്പിൽ എഫ്സി ബാഴ്സലോണ ചാമ്പ്യന്മാർ. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിലെ അൽഇന്മ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് ബാഴ്സലോണ കിരീടം നിലനിർത്തിയത്. ആവേശകരമായ കലാശപ്പോരിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്തിന്റെ അവസാന നിമിഷത്തോളം ആവേശം നിറഞ്ഞുനിന്ന എൽ ക്ലാസികോ പോരാട്ടത്തിൽ ബ്രസീലിയൻ സൂപ്പർ താരം റഫീന്യയുടെ ഇരട്ട ഗോളുകളാണ് ബാഴ്സയ്ക്ക് വിജയം സമ്മാനിച്ചത്.
അടിയും തിരിച്ചടിയും കണ്ട ആവേശം നിറഞ്ഞ ആദ്യപകുതിക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ 36-ാം മിനിറ്റിൽ റഫീന്യയിലൂടെ ബാഴ്സലോണയാണ് ആദ്യം മുന്നിലെത്തിയത്. തൊട്ടുപിന്നാലെ വിനീഷ്യസ് ജൂനിയറിലൂടെ റയൽ മാഡ്രിഡ് സമനില പിടിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ ലെവൻഡോവ്സ്കിയിലൂടെ ബാഴ്സ വീണ്ടും മുന്നിലെത്തി. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഗോൺസാലോ ഗാർഷ്യയിലൂടെ റയൽ മാഡ്രിഡ് വീണ്ടും തിരിച്ചടിച്ചു. ഇതോടെ ആദ്യ പകുതി 2-2 എന്ന സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിൽ ഇരു ടീമുകളും വിജയത്തിനായി പൊരുതി. പരിക്കിൽ നിന്ന് മോചിതനായ സൂപ്പർ താരം കിലിയൻ എംബാപ്പെ രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങിയെങ്കിലും 73-ാം മിനിറ്റിൽ റഫീഞ്ഞ നേടിയ ഗോൾ ബാഴ്സലോണയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഫ്രാങ്കി ഡി യോങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബാഴ്സ പത്ത് പേരായി ചുരുങ്ങിയെങ്കിലും, റയലിന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ട് കറ്റാലൻ പട കിരീടം ഉറപ്പിച്ചു.







