പലപല ആവശ്യങ്ങള്‍ക്കുമായി ലോണുകള്‍ എടുത്തുള്ളവരാണ് നിങ്ങളില്‍ പലരും. വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, ഭവന വായ്പ എന്നിവയും വ്യക്തിഗത വായ്പയും ഒക്കെ അക്കൂട്ടത്തിലുണ്ടാവും. എന്നാല്‍ ലോണ്‍ എടുക്കുമ്പോഴുള്ള എളുപ്പമൊന്നും തിരിച്ചടയ്ക്കുമ്പോള്‍ ഉണ്ടാവില്ല. എങ്ങനെ അടുത്ത മാസം ലോണിന്റെ തിരിച്ചടവ് മുടക്കാതിരിക്കാം എന്നായിരിക്കും ചിന്ത.
ലോണ്‍ എടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങള്‍
ലോണ്‍ എടുക്കുമ്പോഴും എപ്പോഴെങ്കിലും തിരിച്ചടവ് മുടങ്ങിയിട്ടുണ്ടെങ്കിലും അറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങളുണ്ട്. ലോണ്‍ മുടങ്ങിയാല്‍ റിക്കവറി ഏജന്റുമാര്‍ നിങ്ങളുടെ ഓഫീസിലും വീട്ടിലും എത്താറുണ്ടോ? ഭീഷണിപ്പെടുത്തുകയോ നിര്‍ബന്ധിച്ച് തിരിച്ചടയ്ക്കാന്‍ ശ്രമിക്കുകയോ ചെയ്യാറുണ്ടോ? നിര്‍ത്താതെ ഫോണ്‍ വിളിച്ച് ലോണ്‍ തിരിച്ചടവിന്റെ പേരില്‍ ബുദ്ധിമുട്ടിക്കാറുണ്ടോ? വഴിയില്‍ തടഞ്ഞുനിര്‍ത്തുകയോ ഇക്കാര്യം മറ്റുളളവരെ അറിയിക്കുകയോ ചെയ്തിട്ടുണ്ടോ? എന്നാല്‍ നിങ്ങള്‍ ഈ നിയമ വശങ്ങള്‍ അറിഞ്ഞിരിക്കണം
റിസര്‍വ്വ് ബാങ്ക് മാനദണ്ഡ പ്രകാരം ഒരു റിക്കവറി ഏജന്റിന് ഒരിക്കലും ഇങ്ങനെയുളള കാര്യങ്ങള്‍ ചെയ്യാനുള്ള അധികാരമില്ല. നിങ്ങളുടെ പക്കല്‍നിന്ന് പണം കൈപ്പറ്റി അത് ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തില്‍ അടയ്ക്കാനുള്ള ഉത്തരവാദിത്തം മാത്രമാണ് ഒരു ഏജന്റിന് ഉള്ളത്. റിക്കവറി ഏജന്റിന്റെ ജോലി സമയം രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ്. മേല്‍പറഞ്ഞ ഏതെങ്കിലും കാര്യം റിക്കവറി ഏജന്റ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ബാങ്കിംഗ് ഓംബുഡ്‌സ്മാന് രേഖാമൂലം പരാതി നല്‍കാന്‍ കഴിയും.
Image
ലോണിന്റെ തിരിച്ചടവ് മുടങ്ങിയാല്‍ത്തന്നെ പിഴ ചേര്‍ത്താണ് നിങ്ങള്‍ ലോണ്‍ അടയ്ക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ ആര്‍ക്കും അധികാരമില്ല. ശാരീരിക ഉപദ്രവം ഉണ്ടാവുകയാണെങ്കില്‍ ഭാരതീയ ന്യായ് സംഹിത 351 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.