മീനങ്ങാടി:
കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാപരമായ കഴിവുകളെ ഉണർത്തുന്നതിനും പ്രകടിപ്പിക്കുന്നതിനും അവസരം ഒരുക്കുന്ന ജില്ലാതല കലോത്സവം ‘അരങ്ങ് 2025’ ന് തിരി തെളിഞ്ഞു. മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഹൈസ്കൂളിൽ നടക്കുന്ന ദ്വിദിന കലോത്സവം ബുധനാഴ്ച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ജീവിതത്തിലെ തിരക്കിനിടയിൽ ഇത്തരം സന്ദർഭങ്ങൾ അവനവന് വേണ്ടി മാറ്റിവെക്കണമെന്ന് അദ്ദേഹം കുടുംബശ്രീ അംഗങ്ങളോട് നിർദേശിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ വിനയൻ അധ്യക്ഷത വഹിച്ചു.
ആദ്യദിനം സ്റ്റേജിതര മത്സരങ്ങളും വിവിധ സ്റ്റേജ് ഇനങ്ങളും പൂർത്തിയാവുമ്പോൾ 90 പോയിന്റുമായി ബത്തേരി സിഡിഎസ് ആണ് മുന്നിൽ. 23 പോയിന്റുമായി തവിഞ്ഞാൽ സിഡിഎസ് രണ്ടാമതും 17 പോയിന്റുമായി പനമരം സിഡിഎസ് മൂന്നാം സ്ഥാനത്തുമാണ്. 98 മത്സര ഇനങ്ങളിലായി ജില്ലയിലെ 27 സിഡിഎസുകളിൽ നിന്നും 500 ൽ അധികം മത്സരാർത്ഥികളാണ് ജില്ലാ കലോത്സവത്തിന്റെ ഭാഗമാവുന്നത്.
സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ ബ്ലോക്ക് അടിസ്ഥാനത്തിൽ നടത്തിയ കലോത്സവത്തിലെ വിജയികളാണ് ജില്ലാ കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. 18 മുതൽ 40 വയസ്സ് വരെയുള്ളവർ ജൂനിയർ വിഭാഗവും 40 ന് മുകളിലുള്ളവരെ സീനിയർ വിഭാഗവുമായി ഉൾപ്പെടുത്തിയാണ് മത്സരങ്ങൾ.
കുടുംബശ്രീ മുദ്രാഗീതത്തോട് കൂടി ആരംഭിച്ച കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഉഷ രാജേന്ദ്രൻ, ജില്ലയിലെ വിവിധ സിഡിഎസ് ചെയർപേഴ്സൺമാർ, എഡിഎംസി മാരായ എ കെ അമീൻ, വി കെ റജീന, എഡിഎംസി കെ എം സലീന എന്നിവർ പങ്കെടുത്തു.