മീനങ്ങാടി:
സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് വിവാഹം ഒരു തടസ്സമല്ലെന്നും സ്വപ്നവാനിലേക്ക് വിമാനമേറി പറക്കണമെന്നും പറഞ്ഞ ബത്തേരി സി ഡി എസ്സിന്റെ ‘ബീമാനം’ എന്ന നാടകം കാണികളിൽ ചിരിയുടെ മാലപ്പടക്കം തീർത്തു. പെണ്ണ് കെട്ടാൻ നടക്കുന്ന മജീദും വെട്ടൊന്ന് മുറി മുറി രണ്ട് എന്ന മട്ടിലുള്ള ആട് മൈമൂനയും കൂട്ടരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി.10 അംഗങ്ങൾ ചേർന്ന് അഭിനയിച്ച് തകർത്ത നാടകം അരങ്ങിൽ ഒന്നാം സ്ഥാനം നേടി. അഭിനേത്രികളുടെ മികച്ച പ്രകടനവും അവതരണ ശൈലിയും
വേഷവിധാനവും ബിമാനത്തെ മികച്ച നാടകമാക്കി. ഹരിലാലിന്റെ കീഴിൽ 20 ദിവസത്തെ മാത്രം പരിശീലനം കൊണ്ട് മികച്ചൊരു നാടകത്തെ വേദിയിൽ അവതരിപ്പിക്കാൻ ഈ പ്രതിഭകൾക്കായി.
*അരങ്ങിൽ അരങ്ങു തകർത്ത് 74 കാരി അന്നമ്മ*
അരങ്ങിന്റെ വേദിയിൽ കാണികളെ ഞെട്ടിച്ച് അന്നക്കുട്ടിയുടെ മോണോ ആക്ട്. 74 വയസ് വെറും അക്കം മാത്രമെന്ന് തന്റെ പ്രകടനത്തിലൂടെ തെളിയിക്കുകയാണ് അന്നമ്മ. മതസൗഹാർദ്ദം എന്ന ആശയത്തെ മുൻനിർത്തി അവതരിപ്പിച്ച മോണോ ആക്ട് അരങ്ങിന്റെ വേദിയിൽ രണ്ടാം സ്ഥാനം നേടി. തൊണ്ടർനാട് സി ഡി എസിലെ കുടുംബശ്രീ അംഗമാണ് അന്നമ്മ. കഴിഞ്ഞ വർഷവും അരങ്ങിന്റെ വേദിയിൽ അന്നമ്മ പരിപാടി അവതരിപ്പിച്ചിരുന്നു. ഇത്തരം വേദികൾ തന്നെ പോലുള്ളവർക്ക് വലിയ പിന്തുണ നൽകുന്നതാണെന്നും അവർ പറഞ്ഞു.