ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ സര്‍ക്കാർ കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് എല്ലാ ഫുട്‌ബോള്‍ പ്രേമികളെയും സംബന്ധിച്ച് വലിയ കാര്യമാണെന്ന് ഐഎം വിജയന്‍ പറഞ്ഞു.
‘ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച പത്ത് താരങ്ങളില്‍ എന്നും മുന്നിലുള്ള താരമാണ് ലയണല്‍ മെസ്സി. ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്. മെസ്സിയെ പോലൊരു താരത്തെ റി
സര്‍ക്കാർ കേരളത്തിലേക്ക് കൊണ്ടുവരികയെന്ന് പറഞ്ഞാല്‍ എല്ലാ ഫുട്‌ബോള്‍ പ്രേമികളെയും സംബന്ധിച്ച് വലിയ കാര്യമാണ്’, മുന്‍ താരം പറഞ്ഞു
14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും ഇന്ത്യയിലെത്തുന്നത്. മുന്‍പ് 2011ലായിരുന്നു മെസ്സിയുടെ ഇന്ത്യ സന്ദര്‍ശനം. 2011 സെപ്റ്റംബറില്‍ അര്‍ജന്റീനയും മെസ്സിയും കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സൗഹൃദമത്സരത്തില്‍ വെനസ്വേലയെ നേരിടാനെത്തിയതായിരുന്നു. അന്നത്തെ ഓര്‍മകളെ കുറിച്ചും ഐ എം വിജയന്‍ പങ്കുവെച്ചു.
‘അര്‍ജന്റീനയെയും ബ്രസീലിനെയും പിന്തുണയ്ക്കുകയും ആരാധിക്കുകയും ചെയ്യുന്നയാളുകള്‍ അവരുടെ രാജ്യത്തേക്കാള്‍ കൂടുതല്‍ കേരളത്തിലുണ്ട്. അര്‍ജന്റീന ടീം ഡല്‍ഹിയിലെത്തിയപ്പോള്‍ ഞാനും പോയിരുന്നു. അപ്പോള്‍ അര്‍ജന്റീന ടീം കേരളത്തിന് നന്ദിയറിയിക്കുകയും ചെയ്തു. അവരുടെ ടീമിന് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് കിട്ടുന്നത് കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞു. അതുകേള്‍ക്കുമ്പോള്‍ വലിയ അഭിമാനമാണ് തോന്നിയത്’, ഐ എം വിജയന്‍ കൂട്ടിച്ചേര്‍ത്തു.