സർക്കാർ മേല്‍വിലാസം വ്യാജമായി കഴുത്തില്‍ തൂക്കിയ യുവാവ് കടകളിലെത്തി തട്ടിപ്പ് നടത്തുന്നു. തിരുവല്ലയിലെ രണ്ട് ഫർണിച്ചർ കടകളില്‍ നിന്നായി മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പെരുംതുരുത്തിയിലെ എകെ ഫർണിച്ചർ, തിരുവല്ല നഗരത്തിലെ തോപ്പില്‍ ഫർണിച്ചർ എന്നീ സ്ഥാപനങ്ങളാണ് തട്ടിപ്പിന് ഇരയായത്.
പത്തനംതിട്ട ഗ്രാമവികസനകേന്ദ്രം എൻജിനീയർ എന്ന് സ്വയം പരിചയപ്പെടുത്തി തിരിച്ചറിയല്‍ കാർഡ് ധരിച്ച് എത്തിയ യുവാവാണ് തട്ടിപ്പിന് പിന്നിലെന്ന് കടയുടമകള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 14-ന് ഉച്ചയോടെ എകെ ഫർണിച്ചർ മാർട്ടില്‍ എത്തിയ യുവാവ് 1.10 ലക്ഷം രൂപയോളം വിലവരുന്ന ഫർണിച്ചർ വാങ്ങി.ഇതിനുശേഷം സമാന തുകയ്ക്കുള്ള ചെക്ക് കൈമാറി. കൂടെ ഗ്രാമവികസന കേന്ദ്രത്തിന്റെ സീലോടുകൂടിയ എഗ്രിമെന്റ് പേപ്പറും കൈമാറി. തുടർന്ന് കുറച്ചുസാധനങ്ങള്‍ മറ്റൊരു കടയില്‍നിന്നുകൂടി വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഉടമയില്‍നിന്ന് പണമായി 50,000 രൂപയും വാങ്ങി.
ഇവിടെനിന്ന് പോയ യുവാവ് എത്തിയത് തോപ്പില്‍ ഫർണിച്ചർ മാർട്ടിലായിരുന്നു. ഇവിടെനിന്ന് ഒരുലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങി. ചെക്കും എഗ്രിമെന്റ് പേപ്പറും നല്‍കി. സാധനസാമഗ്രികള്‍ പിക്കപ്പ് വാനില്‍ കയറ്റിക്കൊണ്ടുപോയി. തുടർന്ന് ഈ സാധനങ്ങള്‍ എകെ ഫർണിച്ചർ മാർട്ടില്‍ എത്തിച്ച് ഇറക്കിവെച്ചു. സാധനങ്ങള്‍ മുഴുവനായി അടുത്ത ദിവസം കറുകച്ചാലില്‍ താൻ നല്‍കുന്ന മേല്‍വിലാസത്തില്‍ എത്തിച്ചാല്‍ മതിയെന്ന് അറിയിച്ചു. എകെ ഫർണിച്ചർ മാർട്ടിന്റെ പിക്കപ്പ് വാനില്‍ കറുകച്ചാലില്‍ സാധനങ്ങള്‍ എത്തിച്ചു.
കഴിഞ്ഞദിവസം ചെക്കുകള്‍ മാറാൻ ബാങ്കുകളില്‍ എത്തിയപ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം വ്യാപാരികള്‍ അറിഞ്ഞത്. അക്കൗണ്ട് നിലവിലില്ലെന്നാണ് ബാങ്ക് അധികാരികള്‍ അറിയിച്ചതിനെ തുടർന്ന് തിരുവല്ല പോലീസില്‍ പരാതി നല്‍കി. കറുകച്ചാലിലെ മൊബൈല്‍ കടയില്‍നിന്ന് 90000 രൂപയുടെ ഫോണ്‍വാങ്ങി യുവാവ് മുങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ചങ്ങനാശ്ശേരിയിലെ പലവ്യഞ്ജന മൊത്തക്കച്ചവട സ്ഥാപനത്തില്‍നിന്ന് സിവില്‍ സപ്ലൈസ് ഓഫീസർ എന്ന വ്യാജേന 50 ചാക്ക് പഞ്ചസാര ഉള്‍പ്പെടെ മൂന്ന് ലക്ഷത്തോളം രൂപയുടെ പലവ്യഞ്ജനങ്ങളും സമാന തരത്തില്‍ പ്രതി തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയില്‍, ഇടുക്കി ജില്ലയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുകയായിരുന്ന വനിതാഡോക്ടറെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന എത്തി പണം തട്ടിച്ച കേസിലെ പ്രതിയായ കോട്ടയം സ്വദേശി മനുവാണ് പ്രതിയെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് പ്രാഥമികമായി ഉറപ്പിക്കുന്നത്. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനല്‍കിയതായി തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാർ പറഞ്ഞു.