തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വനിത കമ്മീഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ജാഗ്രത സമിതി ജില്ലയിൽ ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷൻ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.എല്ലാ വിഭാഗം സ്ത്രീകളിലേക്കും കടന്നുചെല്ലാനും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ നിയമപരമായ പരിഹാരം ഉണ്ടാക്കുകയുമാണ് ജാഗ്രത സമിതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളും കക്ഷികളായുള്ള പരാതികള്‍ സ്വീകരിക്കുകയും പരിഹാരമുണ്ടാക്കുകയും ചെയ്യും.
അദാലത്തില്‍ 18 പരാതികള്‍ ലഭിച്ചു. രണ്ട് പരാതികൾ തീർപ്പാക്കി. ഒന്നിൽ പോലീസ് റിപ്പോർട്ട് തേടി. മറ്റൊന്നിൽ നടപടി സ്വീകരിക്കാൻ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി.
ഗാർഹിക പീഡനം, സ്ഥലം രജിസ്റ്റർ ചെയ്തിട്ട് നൽകിയിട്ടും പണം നൽകാതെ കബളിപ്പിക്കൽ, കടം നൽകിയ പണം തിരികെ നൽകാതിരിക്കൽ തുടങ്ങിയ പരാതികളാണ് അദാലത്തിൽ ലഭിച്ചത്.
കൗണ്‍സിലര്‍മാരായ ബിഷ ദേവസ്സ്യ, കെ ആർ ശ്വേത, ഫൗസിയ തുടങ്ങിവർ പങ്കെടുത്തു.