*____ചെന്നൈ: തമിഴ്നാട് കടലൂരിൽ സ്കൂൾ വാൻ ട്രെയിനിൽ ഇടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പത്തോളം കുട്ടികൾക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്.
തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാർത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ലെവൽ ക്രോസിൽ ഗേറ്റ് അടയ്ക്കാൻ ജീവനക്കാരൻ മറന്ന് പോയതാണ് എന്നായിരുന്നു റെയിൽവേ വൃത്തങ്ങളുടെ ആദ്യം പ്രതികരണം. പിന്നീട് വാൻ ഡ്രൈവറെ പഴിച്ചുകൊണ്ടാണ് റെയിൽവേ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ട്രെയിൻ വരുംമുൻപ് വാൻ കടത്തി വിടണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടെന്നാണ് റെയിൽവേ വിശദീകരിക്കുന്നത്. ഗേറ്റ് അടയ്ക്കാൻ വൈകിയത് വാൻ ഡ്രൈവർ നിർബന്ധിച്ചതിനാലാണെന്ന് റെയിൽവേ അധികൃതര്‍ വാദിക്കുന്നു.