കണ്ണൂര്‍: കണ്ണൂരില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന്‍റെ വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി കണ്ണൂര്‍ ട്രാഫിക് പൊലീസ്. താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് പിഴ ചുമത്തിയത്. ഇന്നലെ വൈകിട്ട് താഴെചൊവ്വയിലാണ് ബൈക്ക് ആംബുലന്‍സിന്റെ വഴിമുടക്കിയത്.
കുളത്തില്‍ വീണ് ഗുരുതരാവസ്ഥയിലുള്ള എട്ട് വയസ്സുകാരനെയും വഹിച്ചുള്ള ആശുപത്രിയിലേക്കുള്ള യാത്രയിലാണ് യാത്രക്കാരന്‍ ആംബുലന്‍സിന്റെ വഴി മുടക്കിയത്. കണ്ണൂര്‍ മേലെ ചൊവ്വ മുതല്‍ താഴെ ചൊവ്വ വരെ ആംബുലന്‍സിന് ഇയാള്‍ തടസം സൃഷ്ടിച്ചിരുന്നു. വെന്റിലേറ്റര്‍ സപ്പോര്‍ട്ടോടെയായിരുന്നു രോഗിയെ കൊണ്ടുപോയിരുന്നത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ആംബുലന്‍സ് ഡ്രൈവര്‍ പരാതിയും നല്‍കിയിരുന്നു.