വ്യത്യസ്തമായ നിറങ്ങളിലുള്ള മുടി ലഭിക്കാനായി ബ്യൂട്ടി പാര്‍ലറില്‍ പോയി മുടിക്ക് നിറം നല്‍കുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. പുത്തന്‍ ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷിക്കാനും അടിപൊളി ലുക്ക് നേടുന്നതിനുമായി പലരും നരച്ച മുടി കറുപ്പിച്ചും മുടികളില്‍ പലനിറത്തിലുള്ള ചായങ്ങള്‍ പൂശിയും പരീക്ഷണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ നിങ്ങള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം. ഹൈയര്‍ ഡൈ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് വര്‍ഷങ്ങളായി നമ്മള്‍ പറഞ്ഞ് കേട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇതില്‍ വാസ്തവമുണ്ട്. ഹെയര്‍ഡൈയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ (IARC)പറയുന്നു.
ഹെയര്‍ഡൈയുടെ ഉപയോഗം ബ്ലാഡര്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം, ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താര്‍ബുദങ്ങള്‍ക്ക് കാരണമാകും. ഇതില്‍ ബ്ലാഡര്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയാണ് ഏറ്റവും കൂടുതലെന്ന് പഠനങ്ങള്‍ പറയുന്നു. പാര്‍ലറുകളില്‍ കളറിംഗ് ജോലി ചെയ്യുന്നവര്‍ക്കും ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഹെയര്‍ ഡൈയില്‍ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കളാണ് ക്യാന്‍സര്‍ ഉണ്ടാക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന അമോണിയയും മറ്റും മുടിയുടെ പിഎച്ച് വര്‍ധിപ്പിക്കുകയും ഹെയര്‍ഡൈ ഉള്ളിലെത്താന്‍ കാരണമാകുകയും ചെയ്യും. ഹൈഡ്രജന്‍ പെറോക്‌സൈഡ് ബ്ലീച്ചിംഗ് ഏജന്റും, ഓക്‌സിഡൈസിംഗ് ഏജന്റും ആയി പ്രവര്‍ത്തിക്കുന്നു. ഇവ നാച്ചുറല്‍ പിഗ്മെന്റിനെ വിഘടിപ്പിക്കുന്നു. അതുപോലെതന്നെ ഹെയര്‍ ഡൈകളില്‍ ഉപയോഗിക്കുന്ന ആരോമാറ്റിക്ക് അമീന്‍ ആയ പാരാഫിനൈന്‍ എനൈഡിയാമിന്‍ (PPD) ആണ് മുടിക്ക് ഏറെക്കാലത്തേക്ക് നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നത്. ഇവയെല്ലാംതന്നെ ഫലപ്രദമാണെങ്കിലും ഇവ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്. അതായത് ഇവ തലയോട്ടിയില്‍ അസ്വസ്ഥത ഉണ്ടാക്കുകയും മുടിക്ക് കേടുപാടുകള്‍, അലര്‍ജി എന്നിവയുണ്ടാകാന്‍ കാരണമാകുന്നു. ഈ രാസവസ്തുക്കളൊക്കെത്തന്നെയും രക്തത്തില്‍ കലരുകയും കാന്‍സറുണ്ടാകാനും കാരണമാകും. രക്തത്തില്‍ രാസവസ്തുക്കള്‍ കലരുമ്പോള്‍ അത് വൃക്കകള്‍ അരിച്ചുമാറ്റുകയും കാലക്രമേണ ഇവ മൂത്രസഞ്ചിയില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇതാണ് ക്യാന്‍സറിലേക്ക് നയിക്കുന്നത്
ക്യാന്‍സര്‍ സാധ്യത കൂടുതലുള്ളവര്‍
ഹെയര്‍ഡൈ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ക്യാന്‍സര്‍ വരില്ല. ഇപ്പോള്‍ ലഭ്യമായ ഹെയര്‍ഡൈകളെല്ലാം താരതമ്യേന സുരക്ഷിതമാണ്. വീട്ടില്‍ വല്ലപ്പോഴും ഉപയോഗിക്കുന്നവര്‍ക്ക് അപകടമുണ്ടാകാന്‍ സാധ്യതയില്ല. ഹൈയര്‍ഡൈ ഉത്പന്നങ്ങളുമായി നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബ്ലാഡര്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജോലിയുടെ ഭാഗമായി ദീര്‍ഘകാലമായി ഹെയര്‍ഡൈയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ ഗ്ലൗസ് ധരിക്കുകയും ഏറ്റവും ഗുണമേന്മയുളളതുമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുകയും വേണം. വായു സഞ്ചാരമുളള ഇടങ്ങളില്‍ വച്ച് ഉപയോഗിക്കാന്‍ ശ്രമിക്കേണ്ടതാണ്.