കാലിഫോര്‍ണിയ: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‍സ്‌ആപ്പ് അവരുടെ ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷനായി നിരവധി സ്വകാര്യതാ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന ഒരു പുതിയ സവിശേഷത വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. ‘യൂസർ നെയിം കീകൾ’ എന്ന് വിളിക്കപ്പെടുന്ന ഫീച്ചറാണ് മെറ്റ വികസിപ്പിക്കുന്നതെന്ന് വാട്‍സ്‌ആപ്പ് ട്രാക്കറായ WABetaInfo വെളിപ്പെടുത്തി.
വാട്‌സ്ആപ്പില്‍ അപരിചിതർ ടെക്സ്റ്റ് അയക്കുന്നത് നിയന്ത്രിക്കുന്നതിനാണ് കമ്പനി യൂസർനെയിം കീകൾ വികസിപ്പിക്കുന്നത്. ആൻഡ്രോയ്‌ഡ് 2.25.22.9 അപ്‌ഡേറ്റിനായുള്ള വാട്‍സ്‌ആപ്പ് ബീറ്റയിലാണ് പുതിയ ഫീച്ചർ ആദ്യം കണ്ടെത്തിയത്. നിലവിൽ പ്ലാറ്റ്‌ഫോമിലെ എല്ലാ ബീറ്റാ ടെസ്റ്റർമാർക്കും ഇത് ലഭ്യമല്ല. ഈ ഫീച്ചറിന് രണ്ട് ഭാഗങ്ങൾ ഉണ്ടാകും. യൂസർനെയിം ആയിരിക്കും ആദ്യത്തേത്. ഇത് ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ ആളുകളുമായി ചാറ്റ് ചെയ്യാന്‍ അനുവദിക്കുന്നു. അതായത്, ഒരു വാട്‌സ്ആപ്പ് ഉപയോക്താവ് മറ്റൊരാളുമായി ചാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾക്ക് തന്‍റെ മൊബൈല്‍ നമ്പർ നൽകുന്നതിന് പകരം തന്‍റെ യൂസർ നെയിം മാത്രം പങ്കിടാം. ഈ സവിശേഷത ടെലിഗ്രാം പോലെ പ്രവർത്തിക്കും.
ഈ പുതിയ സവിശേഷതയുടെ രണ്ടാമത്തെ ഭാഗം യൂസർനെയിം കീകൾ ആണ്. അതൊരു നാലക്ക പിൻ കോഡായിരിക്കും. ഒരു വാട്‌സ്ആപ്പ് ഉപയോക്താവിന് ഒരു പുതിയ വ്യക്തിയിൽ നിന്ന് ഒരു സന്ദേശം ലഭിക്കണമെങ്കിൽ, അയാൾ തന്‍റെ ഉപയോക്തൃനാമത്തോടൊപ്പം ഈ പിൻ പങ്കിടേണ്ടിവരും. ഈ കീ ഇല്ലാതെ ഒരു അജ്ഞാത വ്യക്തിക്കും ഉപയോക്താവിന് ഒരു സന്ദേശവും അയയ്ക്കാൻ കഴിയില്ല. അനാവശ്യമായതും സ്‍പാം ആയതുമായ സന്ദേശങ്ങൾ തടയുന്നതിന് ഈ ഫീച്ചർ സഹായിക്കും.