ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വയനാട് ടൂറിസം അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെ ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ വിപുലുമായി സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു. ഓണാഘോഷ പരിപാടികള്‍ ഹരിതചട്ടം പാലിച്ച് നടത്താനും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൈദ്യുതി ദ്വീപാലങ്കാരം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലയുടെ പ്രധാന കവാടമായ ലക്കിടി ഗേറ്റില്‍ ദീപാലങ്കാരം ചെയ്യും.
വൈത്തിരി ടൗണ്‍ സ്റ്റാന്‍ഡ്, മാനന്തവാടി പഴശ്ശി പാര്‍ക്ക്, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവടങ്ങളില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വേദികള്‍ ഒരുക്കും. ഓണാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ടൂറിസം കേന്ദ്രങ്ങള്‍, ഹോം സ്റ്റേ, റിസോര്‍ട്ടുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അവധി ദിവസങ്ങളിലെ ഗതാഗത തിരക്ക് നിയന്ത്രിക്കാനും പാര്‍ക്കിംഗ് പോയിന്റുകളും ഉറപ്പാക്കും.
ഓണാഘോഷ പരിപാടികളുടെ ഭാഗമായി താലൂക്ക്തല പൂക്കള മത്സരം, പ്രാദേശിക കലാകാരന്മാരുടെ കലാസന്ധ്യ, മുണ്ടക്കൈ – ചൂരല്‍മല പ്രദേശത്തെ കുട്ടികള്‍ക്കായി ഓണക്കോടി, വടംവലി, ടൂറിസം കേന്ദ്രങ്ങളില്‍ പൂക്കളം ഒരുക്കല്‍, കായിക മത്സരങ്ങള്‍, സഞ്ചാരികളെ വരവേല്‍ക്കാന്‍ മാവേലി- ചെണ്ടമേളം എന്നിവയും ഒരുക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ ടി.സിദ്ദിഖ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഡി. റ്റി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.