കൊച്ചി: രാജ്യത്ത് ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ തന്നെ ടോൾ നൽകാനുള്ള സംവിധാനം വരുന്നു. അടുത്ത മാർച്ചിനകം പദ്ധതി നടപ്പാകും. 25 ടോൾ ബൂത്തുകളിലാണ് സംവിധാനം വരുന്നത്. എൻഎച്ച് 66 വികസനത്തിന്‌റെ ഭാഗമായുള്ള നിർമാണം പൂർത്തിയാക്കിയ ശേഷം അടുത്ത ഘട്ടമായി കേരളത്തിലും പദ്ധതി നടപ്പാക്കും. അങ്ങനെയെങ്കിൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം പാറശാല വരെ ടോൾ നൽകാൻ വാഹനം നിർത്തേണ്ടി വരില്ല.
ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ മൾട്ടി ലൈൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം ഉപയോഗിച്ചാണ് വാഹനം തിരിച്ചറിഞ്ഞ് ഫാസ്ടാഗിൽ നിന്ന് ടോൾ തുക ഈടാക്കുന്നത്. കൂടുതൽ ശേഷിയുള്ള സെൻസറുകളും ക്യാമറകളും ഇതിനായി ഉപയോഗിക്കും. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പർ തിരിച്ചറിയും.
നിലവിൽ ടോൾ പ്ലാസകളിൽ വാഹനം നിർത്തേണ്ടി വരാറുണ്ട്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ ഇത്തരത്തിൽ നിർത്തിയിടുന്നത് വലിയ രീതിയിൽ സമയം നഷ്ടപ്പെടുത്താറുണ്ട്. ഇതിലാണ് പുതിയ സംവിധാനത്തിലൂടെ പരിഹാരമാകുന്നത്.