ഓണാഘോഷ പരിപാടിക്കിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചത് കഴിഞ്ഞദിവസമായിരുന്നു. 46 കാരനായ വി.ജുനൈസ് നിയമസഭാ ഹാളില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെയായിരുന്നു മരണം.അടുത്തിടെ ഇത്തരത്തിലുള്ള നിരവധി സംഭവമാണ് നാം കേള്‍ക്കുന്നത്. ജിമ്മിലെ വ്യായാമത്തിനിടയിലും ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലും കുഴഞ്ഞ് വീഴുന്ന ചെറുപ്പക്കാരുടെ എണ്ണം അനുദിനം കൂടുകയാണ്. ഓണക്കാലമായതിനാല്‍ നാട്ടിലുടനീളം വിവിധ കലാകായിക മത്സരങ്ങള്‍ പൊടിപൊടിക്കുന്ന സമയം കൂടിയാണിത്.
ഒരാവേശത്തിന് ഓട്ടത്തിനും ചാട്ടത്തിനും വടം വലിക്കുമെല്ലാം ഇറങ്ങിപ്പുറപ്പെടുന്നവരാണോ നിങ്ങള്‍..പ്രത്യേകിച്ച് 40 വയസ് കഴിഞ്ഞ ചെറുപ്പക്കാര്‍.ശരീരത്തെ പെട്ടെന്ന് ഒരു ദിവസം ഇതുപോലെത്തെ പരീക്ഷണത്തിന് വിധേയമാക്കുന്നതിനെ ആന മണ്ടത്തരം എന്നാണ് വിളിക്കേണ്ടതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിൻ ഡോക്ടർ വി.കെ ഷമീര്‍ പറയുന്നു.
നിങ്ങള്‍ക്ക് 25 കിലോമീറ്റർ മാരത്തോണ്‍ ഓടാം, ഒരു പ്രശ്നവും ഇല്ല. നിങ്ങള്‍ക്ക് എത്ര കിലോമീറ്റർ വേണമെങ്കിലും സൈക്കിള്‍ ചവിട്ടാം, 100 പുഷ് അപ്പ് ഒന്നിച്ച് എടുക്കാം, പക്ഷേ ഒരു കണ്ടീഷൻ, നിങ്ങള്‍ക്ക് അത് ശീലം ഉണ്ടായിരിക്കണം. ഒരു ദിവസം കൊണ്ട് അത് സാധിക്കുമെന്ന് വ്യാമോഹിക്കരുതെന്നും ഡോ.വി.കെ ഷമീം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
‘നിങ്ങളുടെ ശരീരത്തെ എന്ത് വ്യായാമത്തിനായാലും ശരി, മെല്ലെ മെല്ലെ പാകപ്പെടുത്തണം. ഓട്ടത്തിനായാലും പുഷപ്പിനായാലും. അല്ലെങ്കില്‍ ഏത് ഭാഗം വേണമെങ്കിലും പണി തരാം. അത് വടം വലിക്കുമ്ബോള്‍ ഡിസ്ക് ഇളകല്‍ മുതല്‍ മാരത്തോണില്‍ ഹൃദയാഘാതം വരെ ആവാം. ഇതൊന്നും ശീലമില്ലാത്ത നമുക്ക് മത്സരിക്കാൻ പറ്റിയ ഐറ്റംസും ഉണ്ടാകും. ബുദ്ധിപരമായി തെരഞ്ഞെടുക്കണം. ആണുങ്ങള്‍ക്ക് സാരി ഉടുക്കല്‍, പെണ്ണുങ്ങള്‍ക്ക് സൂചിയില്‍ നൂല് കോർക്കല്‍, പരമാവധി നാരങ്ങ വെച്ച സ്പൂണും കൊണ്ടോടല്‍. തല്‍ക്കാലം അതൊക്കെ മതി. ഇനി നിങ്ങള്‍ക്ക് പുഷ് അപ്പ് ചാമ്ബ്യൻ ആകണമെന്ന് നിർബന്ധം ഉണ്ടെങ്കില്‍ അടുത്ത വർഷത്തെ കൂട്ടായ്മക്ക് ഇപ്പോഴേ മെല്ലെ തുടങ്ങിക്കോളൂ’ വെന്നും ഡോക്ടര്‍ പറയുന്നു.