ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീണ്‍. ടെലിവിഷൻ ഷോയായ സ്റ്റാർ മാജിക്കിലൂടെയും ജസീല ശ്രദ്ധ നേടി.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ചില ചിത്രങ്ങളും പോസ്റ്റുകളുമാണ് ഇപ്പോള്‍ ചർച്ചയായിരിക്കുന്നത്.തന്റെ കാമുകനില്‍ നിന്നും അനുഭവിച്ച ശാരീരിക-മാനസീക പീഡനങ്ങളെ കുറിച്ചാണ് നടിയുടെ പോസ്റ്റ്.
കാമുകന്റെ ക്രൂരമർദ്ദനത്തിന് ഇരയായിയെന്നും മുഖത്തും ശരീരത്തും ആഴത്തില്‍ മുറിവുകളുണ്ടെന്നും ജസീല വെളിപ്പെടുത്തി. പല മുറിവുകളും ആഴത്തിലുള്ളതായിരുന്നു. ഇതിന്റെ ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. കാമുകനായിരുന്ന വ്യക്തിയുടെ ഫോട്ടോയും ജസീല പുറത്തുവിട്ടു. ഡോക്ടറായ ഡോണ്‍ തോമസ് എന്ന വ്യക്തിയാണ് നടിയെ ക്രൂരമായി മർദ്ദിച്ചത്. തന്റെ പ്രണയം തകരാതിരിക്കാനാണ് പലപ്പോഴായി ക്രൂര മർദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നപ്പോഴും തുറന്നുപറയാതിരുന്നത് എന്നാണ് നടി പറയുന്നത്.
2024 ഡിസംബർ 31ന് തനിക്ക് അറിയില്ലായിരുന്നു ഇനി വരാൻ പോകുന്ന ഓരോ രാത്രികളും എത്രത്തോളം പ്രയാസമേറിയതാകുമെന്ന് പറഞ്ഞുകൊണ്ടാണ് താൻ അനുഭവിച്ചത് ജസീല ആരാധകരുമായി പങ്കുവച്ചത്. ന്യൂയർ പാർട്ടിക്കുശേഷം നടന്ന വാക്ക് തർക്കം ആക്രമണത്തിലേക്ക് മാറി. അയാള്‍ എന്റെ വയറ്റില്‍ രണ്ടുതവണ ചവിട്ടി. മുഖത്ത് വള ചേർത്ത് ഇടിച്ചു. മുഖം കീറി. പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നു. ആദ്യം അയാള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാൻ വിസമ്മതിച്ചുവെന്നും എന്നാല്‍ പിന്നീട് ആശുപത്രിയില്‍ എത്തിച്ചുവെന്നുമാണ് നടി പറയുന്നത്. വീണുവെന്ന് നുണ പറഞ്ഞാണ് തന്നെ ആശുപത്രിയില്‍ എത്തിച്ചതെന്നും നടി പറയുന്നുണ്ട്. ഇതിനു ശേഷം താൻ അയാളുടെ പേരില്‍ പരാതി നല്‍കിയെന്നും ഇതിന്റെ കേസ് ഇപ്പോള്‍ നടക്കുകയാണെന്നും നടി പറഞ്ഞു.
ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കണ്ണാടിയില്‍ സ്വയം തിരിച്ചറിയാനോ പോലും കഴിയാത്ത അവസ്ഥയായി താൻ പത്ത് കിലോ ഭാരം കുറഞ്ഞുവെന്നും നടി വ്യക്തമാക്കി. താൻ അദ്ദേഹത്തിന് ഒരു അവസാന അവസരം പോലും നല്‍കി എന്നും ജസീല പറഞ്ഞു. അയാള്‍ മർദ്ദിച്ചപ്പോള്‍ പലതവണ തടയാല്‍ ശ്രമിച്ചുവെന്നും പക്ഷെ പെട്ടന്നുണ്ടായ മർദ്ദനം നല്‍കിയ ഷോക്കും വേദനയും കാരണം തനിക്ക് കൂടുതല്‍ നേരം എതിർത്ത് നില്‍ക്കാൻ കഴിഞ്ഞില്ലെന്നും ജസീല പറഞ്ഞു.