മലയാള സിനിമ താരങ്ങളില്‍ ഏറ്റവും സമ്ബന്നമായ വാഹന ഗ്യാരേജ് ആരുടേതാണെന്ന ചോദ്യത്തിന് ഇനി ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ, ഫഹദ് ഫാസില്‍. ലംബോർഗിനിയുടെ സൂപ്പർ എസ്യുവി മുതല്‍ ടൊയോട്ടയുടെ ആഡംബര എംപിവി വരെയുള്ള ഫഹദ് ഫാസിലിന്റെ ഗ്യാരേജിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയിട്ടുള്ള വാഹനം ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഫെരാരിയുടെ വാഹന നിരയിലെ ഒരേയൊരു എസ്യുവി മോഡലായ പ്യൂറോസങ് ആണ്.
കേരളത്തിലെ ആദ്യ ഫെരാരി പ്യൂറോസങ് ആണ് ഫഹദ് ഫാസിലിന്റെ ഗ്യാരേജില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 12.13 കോടി രൂപയാണ് ഈ പെർഫോമെൻസ് സൂപ്പർ എസ്യുവിയുടെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില. ബിയാൻകോ സെർവിനോ ഫിനീഷിങ്ങിലാണ് ഫഹദ് സ്വന്തമാക്കിയ പ്യൂറോസങ് ഒരുങ്ങിയിരിക്കുന്നത്. കാർബണ്‍ ഫൈബറില്‍ ഒരുങ്ങിയിട്ടുള്ള ബമ്ബർ ഗാർണിഷുകള്‍ ഉള്‍പ്പെടെയുള്ളവ ആക്സസറിയായി നല്‍കിയിട്ടുള്ളതാണ്. ഇരട്ട നിറങ്ങളിലാണ് ഈ വാഹനത്തിന്റെ അലോയി വീല്‍ ഒരുങ്ങിയിരിക്കുന്നത്.
നീല നിറത്തിലുള്ള അസൂറോ സാന്റോറിനി ലെതറിലാണ് ഫഹദ് ഫാസിലിന്റെ ഫെരാരി പ്യൂറോസങ്ങിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. സീറ്റുകളിലും ഡാഷ്ബോർഡിലും ഉള്‍പ്പെടെ ഈ നിറമാണ് നല്‍കിയിരിക്കുന്നത്. പ്രീമിയം സ്റ്റിച്ചിങ്ങിനൊപ്പം ഫെരാരിയുടെ ലോഗോയും സീറ്റുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കാർബണ്‍ പാക്കേജില്‍ ഒരുങ്ങിയതാണ് അകത്തളത്തിന്റെ മറ്റൊരു പ്രത്യേകത. സീറ്റുകളുടെയും മറ്റും നിറത്തിന് ഇണങ്ങുന്ന നീല നിറം തന്നെയാണ് ബ്രേക്ക് കാലിപ്പറുകളിലും നല്‍കിയിരിക്കുന്നത്.
ഫെരാരിയുടെ വാഹനശ്രേണിയിലെ ഏക എസ്യുവി മോഡലാണ് പ്യൂറോസങ് അതുകൊണ്ടുതന്നെ കരുത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ഈ വാഹനം എത്തിച്ചിരിക്കുന്നത്. 6.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 725 പിഎസ് പവറും 716 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എഫ് 1 ഗിയർബോക്സ് എന്ന് അറിയപ്പെടുന്ന എട്ട് സ്പീഡ് വെറ്റ് ക്ലെച്ച് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതില്‍ ട്രാൻസ്മിഷൻ ഒരുക്കുന്നത്.
ആഡംബര വാഹനങ്ങളുടെ വലിയ ശേഖരമാണ് ഫഹദ് ഫാസിലിന്റെ ഗ്യാരേജിലുള്ളത്. മിനി കണ്‍ട്രിമാൻ, മെഴ്സിഡീസ് ബെൻസ് ജിഎല്‍എസ് 450, ലാൻഡ് റോവർ ഡിഫൻഡർ, പോർഷെ 911 കരേര എസ്, ലംബോർഗിനി ഉറുസ്, മെഴ്സിഡീസ് ജി 63 എ.എം.ജി, ടൊയോട്ട വെല്‍ഫയർ, ലാൻഡ് റോവർ ഓട്ടോബയോഗ്രഫ് ലോങ് വീല്‍ ബേസ്, ഫോക്സ്വാഗണ്‍ ഗോള്‍ഫ് ജിടിഐ, ലെക്സസ് എല്‍എം 350 എച്ച് തുടങ്ങിയ വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ളത്.