പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ലൈവ്ലിഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ടി. സിദ്ധിഖ് എം.എൽ.എ നിർവഹിച്ചു. കാർഷിക- മൃഗസംരക്ഷണ മേഖലകളിലെ ഉത്പന്നങ്ങളുടെ സംഭരണം, വിതരണം, മൂല്യവർദ്ധന വിപണനത്തിനായി ആരംഭിക്കുന്ന ജില്ലയിലെ ആദ്യത്തെ സർവീസ് സെന്ററാണ് പടിഞ്ഞാറത്തറയിൽ പ്രവർത്തനമാരംഭിച്ചത്. അഞ്ച് സി.ഡി.എസുകളിൽ ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി അഞ്ച് ലൈവ്ലിഹുഡ് സർവീസ് സെന്ററുകളാണ് ജില്ലയിൽ ലക്ഷ്യമിടുന്നത്.
ജില്ലയിൽ പ്രവർത്തിക്കുന്ന അഞ്ച് സംയോജിത ഫാർമിങ് ക്ലസ്റ്ററുകളുടെ ഭാഗമായാണ് ലൈവ്ലിഹുഡ് സർവീസ് സെന്ററുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് അഞ്ച് ഇന്റഗ്രേറ്റഡ് ഫാർമിങ് ക്ലസ്റ്റർ ആരംഭിക്കാൻ നാഷണൽ റൂറര്‍ ലൈവ്ലിഹുഡ് മിഷൻ അംഗീകാരം നൽകിയത്. ഒരു ക്ലസ്റ്റർ ആരംഭിക്കാൻ 40 ലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്. 250 മുതൽ 300 വരെ കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ രണ്ടോ മൂന്നോ വാർഡുകൾ കേന്ദ്രികരിച്ചാണ് ക്ലസ്റ്ററുകൾ ആരംഭിക്കുന്നത്. അയൽക്കൂട്ടാംഗങ്ങൾക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്ന രീതിയിലുള്ള ഉപജീവന മാർഗമാണ് ഓരോ ക്ലസ്റ്ററുകളിലും അവലംബിക്കുന്നത്.
കുടുംബശ്രീ മിഷന്റെ സാമ്പത്തിക – സാങ്കേതിക സഹായങ്ങളോടെ കാർഷിക – മൃഗ സംരക്ഷണ അനുബന്ധ മേഖലകളിലെ ഉത്പന്നങ്ങളുടെ സംഭരണം, മൂല്യവർദ്ധനവ്, ബ്രാന്റിങ്, മാർക്കറ്റിങ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതിന് പിന്തുണ നൽകി കർഷകർക്ക് സുസ്ഥിരമായ വരുമാനം ഉറപ്പാക്കുകയാണ് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്റര്‍ പദ്ധതിയിലൂടെ. പടിഞ്ഞാറത്തറ, വെള്ളമുണ്ട, പനമരം, നൂൽപ്പുഴ, മുട്ടിൽ ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നടത്തിയ സർവ്വെയിലൂടെ തിരഞ്ഞെടുത്ത 250 മുതൽ 300 വരെ കുടുംബശ്രീ കർഷകരാണ് ഐ.എഫ്.സിയിലെ അംഗങ്ങൾ. സർവ്വെ അടിസ്ഥാനത്തിൽ കാർഷിക ഉത്പാദനം, മൂല്യവർദ്ധനവ്, വിപണനം എന്നീ പ്രവർത്തനങ്ങൾക്ക് സഹായമാകുന്ന രീതിയിൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയാണ് ക്ലസ്റ്റർ പ്രവർത്തനങ്ങൾ നടക്കുന്നത്.
പടിഞ്ഞാറത്തറയിൽ നടന്ന ഉദ്ഘാടനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അധ്യക്ഷനായിരുന്നു. കുടുംബശ്രീ ജില്ലാ മിഷൻ മുൻ കോ- ഓർഡിനേറ്റർ പി. ബാലസുബ്രഹ്മണ്യനെ പടിഞ്ഞാറത്തറ സി.ഡി.എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ യോഗത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുറഹ്മാൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ഇൻ ചാർജ് വി.എം സെലീന, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ വി.കെ റെജീന, സി.ഡി.എസ് ചെയർപേഴ്സൺ ജിഷ ശിവരാമൻ എന്നിവർ സംസാരിച്ചു.