ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ഈ വർഷം നാലാം പാദത്തിൽ ഏകീകൃത ടൂറിസ്റ്റ് വിസയുടെ പരീക്ഷണ ഘട്ടം ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു.
ആറ് ജിസിസി രാജ്യങ്ങളും സന്ദർശിക്കാൻ സന്ദർശകർക്ക് അവസരം നൽകുന്ന ഈ ഏകീകൃത ടൂറിസ്റ്റ് വിസ, ഷെങ്കൻ വിസ ശൈലിയിലായിരിക്കും. ” ഇതിലൂടെ ഒരൊറ്റ ടൂറിസം കേന്ദ്രമെന്ന നിലയിൽ ഗൾഫിന്റെ ആകർഷണം വർദ്ധിപ്പിക്കുകയും ചെയ്യും” എന്ന് മന്ത്രി പറഞ്ഞു.
യുഎഇ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ, ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ എന്നും അറിയപ്പെടുന്ന ഈ വിസയുടെ പൂർണ്ണമായ നടപ്പാക്കൽ പിന്നീടുള്ള ഘട്ടത്തിൽ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, എന്നുമുതൽ ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി ആരംഭിക്കുമെന്ന കൃത്യമായ തീയതി മന്ത്രി വെളിപ്പെടുത്തിയില്ല.
ഈ വർഷം ജൂണിൽ, ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ അംഗീകരിച്ചുവെന്നും “ഉടൻ” പുറത്തിറക്കുമെന്നും അബ്ദുല്ല ബിൻ തൗഖ് അൽ മാരി ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
” ഏകീകൃത (ജിസിസി) ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചു, ഉടൻ തന്നെ അത് നടപ്പിലാക്കാൻ കാത്തിരിക്കുകയാണ്. ഇനി, അത് ആഭ്യന്തര മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ടവരുടെയും പരിഗണനയിലാണ്, അവർ അത് പരിശോധിക്കണം,” മന്ത്രി വ്യക്തമാക്കി
ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസയിലൂടെ വിദേശ വിനോദ സഞ്ചാരികൾക്ക് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ ഒറ്റ വിസയിൽ സന്ദർശിക്കാൻ കഴിയും.
ഈ വിസ ഗൾഫിലെ പ്രാദേശിക ടൂറിസം വ്യവസായത്തിനും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയ്ക്കും ഒരു പ്രധാന വഴിത്തിരിവാകുമെന്നും, ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, ജിഡിപിയിൽ വലിയ ഉത്തേജനം നൽകുമെന്നും ട്രാവൽ, ടൂറിസം വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രതീക്ഷിക്കുന്നു.
എല്ലാ ജിസിസി രാജ്യങ്ങളും ഈ പുതിയ വിസയുടെ ഗുണഭോക്താക്കളാകുമെന്ന് ഈ മേഖലയയിൽ പ്രവർത്തിക്കുന്നവർ കരുതുന്നു. എന്നാൽ, യുഎഇയും സൗദി അറേബ്യയും ആയിരിക്കും ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് സാധ്യതയെന്ന് അവർ പറയുന്നു.
കഴിഞ്ഞ വർഷം, 19 ലക്ഷം സന്ദർശകരാണ് സൗദി അറേബ്യയിലെത്തിയത്. ഒമാൻ 777,000, കുവൈറ്റ് 381,000, ബഹ്‌റൈൻ 123,000, ഖത്തർ 93,000 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വർഷം ഈ രാജ്യങ്ങളിലെത്തിയ സന്ദർശകരുടെ എണ്ണം.
യുഎഇയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാനം, വ്യോമഗതാഗതം, വ്യോമയാന സാങ്കേതികവിദ്യകൾ, ഡിജിറ്റൽ ടൂറിസം സൊല്യൂഷനുകൾ എന്നിവയിലെ വാണിജ്യ ലൈസൻസുകളുടെ എണ്ണം 2025 സെപ്റ്റംബർ പകുതിയോടെ 39,546 ആയി ഉയർന്നതായി മന്ത്രി വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 2020 സെപ്റ്റംബർ മധ്യത്തെ അപേക്ഷിച്ച് 275 ശതമാനം വർധനവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.