വെള്ളമുണ്ട: ജില്ലാപഞ്ചായത്ത്
വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ 44 ഓളം വരുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടേയും നിസ്വാർത്ഥ സേവനത്തിന് നന്ദി രേഖപ്പെടുത്തിയുള്ള ജില്ലാഡിവിഷന്റെ ഗ്രാമാദരപത്രം
വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി.വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മിനിമോൾ ടി.കെ ഏറ്റുവാങ്ങി.
ഏഴ് പതിറ്റാണ്ട് ചരിത്രമുള്ള വെള്ളമുണ്ട പോലീസ് സ്റ്റേഷനെ മികച്ചതാക്കി മാറ്റുന്നതിൽ നിസ്തുലമായ സേവനങ്ങൾ നൽകിയ പൂർവികരെ സ്മരിച്ചുകൊണ്ടുള്ള തായിരുന്നു ചടങ്ങ്.
വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധിയായ മേഖലകളിൽ വെള്ളമുണ്ട സ്റ്റേഷൻ മികവ് പുലർത്തുന്നുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍ എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളും കൊണ്ട് വെള്ളമുണ്ട സ്റ്റേഷൻ മാതൃകാ മുന്നേറ്റമാണ് കഴിഞ്ഞ കാലങ്ങളിൽ നടത്തിയതെന്ന് ചടങ്ങിൽ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
പൗരന്മാരുടെ ജീവനും സ്വത്തും അവരുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് ജനങ്ങളെ സേവിക്കുന്ന പോലീസുകാർക്കും പോലീസ് സ്റ്റേഷനും അർഹമായ ബഹുമാനം നൽകുക എന്നത് ജനപ്രതിനിധിയുടെ ജനാധിപത്യ ദൗത്യമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
“മൃദു ഭാവേ ദൃഢ കൃത്യേ” എന്ന കേരള പോലീസിന്റെ ആപ്തവാക്യം പിന്തുടർന്ന് ആത്മാർത്ഥമായി പ്രവർത്തിക്കുന്ന സേന അംഗങ്ങളാണ് നാടിന്റെയും നാട്ടുകാരുടെയും ധൈര്യമെന്ന് ജുനൈദ് പറഞ്ഞു.അങ്ങേയറ്റം അർപ്പണബോധത്തോടും അച്ചടക്കത്തോടും കൂട്ടായ പ്രവർത്തനത്തോടും കൂടി കർത്തവ്യം നിർവഹിച്ച് ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത വെള്ളമുണ്ടയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കുമുള്ള നാടിന്റെ നന്ദിയാണ് ഗ്രാമസല്യൂട്ട് കൊണ്ട് ലക്ഷ്യമിട്ടെതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.