പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് കേരള പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ആളുകളില്‍ വിശ്വാസ്യത തോന്നിക്കാന്‍ ‘പ്രധാനമന്ത്രി ന്യൂ ഇയര്‍ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡ്’ എന്ന പേരിലാണ് പ്രധാനമായും തട്ടിപ്പ് സംഘങ്ങള്‍ ലിങ്കുകള്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അയക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ, നിങ്ങള്‍ക്ക് നിശ്ചിത തുക പുതുവത്സര സമ്മാനമായി ലഭിച്ചതായുള്ള സന്ദേശം സ്‌ക്രീനില്‍ തെളിയും. ഈ പണം ബാങ്ക് അക്കൗണ്ടിലേക്ക് ചേര്‍ക്കുന്നതിന് പിന്‍ നമ്പര്‍ ആവശ്യപ്പെടുകയാണ് തട്ടിപ്പ് സംഘത്തിന്‍റെ അടുത്ത നീക്കം. എന്നാല്‍ ഇത്തരത്തില്‍ പിന്‍ നമ്പര്‍ നല്‍കുന്നതോടെ ആളുകളുടെ അക്കൗണ്ടുകളില്‍ തുക ക്രഡിറ്റാവുന്നതിന് പകരം, അക്കൗണ്ടിലെ പണമാകെ ചോര്‍ന്നുപോകും. ആരാണ് ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പിന്നിലെന്ന് അറിയാന്‍ പോലും കഴിയാതെ പണം നഷ്‌ടമായവര്‍ വിലപിക്കുകയും ചെയ്യും. ഈ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് കേരള പൊലീസ് മീഡിയ സെന്‍റര്‍ പുറത്തിറക്കിയ മുന്നറിയിപ്പ് സന്ദേശം ചുവടെ ചേര്‍ക്കുന്നു.








