വയനാട് ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെലിപ്പാഡ് നിർമ്മിക്കാൻ അനുമതിയായി. വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ വില്ലേജിൽ, ബാണാസുരസാഗർ പദ്ധതി പ്രദേശത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഹെലിപ്പാഡ് നിർമ്മിക്കുക. ഇതിനായി പൊതുമരാമത്ത് വകുപ്പിന് നിരാക്ഷേപ പത്രം (NOC) നൽകാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
കേന്ദ്ര സർക്കാർ ഏജൻസിയായ എസ്.എ.എസ്.സി.ഐ (Special Assistance to States for Capital Investment) പദ്ധതിയിൽ നിന്ന് ദുരന്ത നിവാരണ വകുപ്പിന് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. ബാണാസുരസാഗർ പദ്ധതി പ്രദേശത്തെ 0.61 ഏക്കർ ഭൂമിയിൽ അപ്രോച്ച് റോഡ് ഉൾപ്പെടെയാണ് ഹെലിപ്പാഡ് ഒരുങ്ങുന്നത്.
കർശനമായ ഉപാധികളോടെയാണ് കെ.എസ്.ഇ.ബി ഭൂമി വിട്ടുനൽകുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം വൈദ്യുതി ബോർഡിൽ നിലനിൽക്കും. കെ.എസ്.ഇ.ബിക്കും ആവശ്യമുള്ളപ്പോൾ ഹെലിപ്പാഡ് ഉപയോഗിക്കാൻ അനുവാദമുണ്ടാകും. നിർമ്മാണ പ്രവർത്തനങ്ങൾ ബാണാസുരസാഗർ ഡാമിന്റെയും അനുബന്ധ നിർമ്മിതികളുടെയും സുരക്ഷയെ ഒരു തരത്തിലും ബാധിക്കരുത്. വനം, റവന്യൂ തുടങ്ങിയ മറ്റ് വകുപ്പുകളിൽ നിന്നുള്ള അനുമതികൾ നേടേണ്ട ഉത്തരവാദിത്തം പൊതുമരാമത്ത്/ദുരന്ത നിവാരണ വകുപ്പിനായിരിക്കും.
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കും അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനും ഹെലിപ്പാഡ് ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ധനമന്ത്രാലയവും ടൂറിസം മന്ത്രാലയവും ചേർന്ന് സംസ്ഥാനങ്ങൾക്കായി ആരംഭിച്ച പദ്ധതിയാണ് ‘സ്പെഷ്യൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്സ് ഫോർ കാപ്പിറ്റൽ ഇൻവെസ്റ്റ്മെൻ്റ്’. മൂലധന നിക്ഷേപമുള്ള പദ്ധതികൾക്കായി 50 വർഷത്തേക്ക് പലിശ രഹിത വായ്പ നൽകുന്നതാണ് ഈ പദ്ധതി.