വിവിധ വേദനകൾക്കും മറ്റുമായി ആളുകൾ സ്ഥിരം ഉപയോഗിക്കുന്ന ഒരു പെയിൻകില്ലറാണ് ട്രമഡോൾ. മുതിർന്നവരിൽ ഉൾപ്പെടെ മിതമായതോ അല്ലാത്തതോ ആയ, കഠിനമായ വിട്ടുമാറാത്ത വേദനയ്ക്ക് പരിഹാരമായി ഇവ ഉപയോഗിക്കാറുണ്ട്. ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയുമാണ്. എന്നാൽ ഈ മരുന്ന് അത്ര സുരക്ഷിതമല്ല എന്ന ഒരു പഠനം പുറത്തുവന്നിരിക്കുകയാണ്.
ബിഎംജെ എവിഡൻസ് ബേസ്ഡ് മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വേദനാസംഹാരിയായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ മരുന്ന് ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമായേക്കാമെന്നാണ് പഠനം പറയുന്നത്. നീണ്ട കാലം ഉപയോഗിച്ചാൽ ഉറപ്പായും രോഗങ്ങൾ ഉണ്ടായേക്കാമെന്നും പഠനം പറയുന്നു.
19 ക്ലിനിക്കൽ ട്രയലുകളിലൂടെയാണ് മരുന്നിന്റെ പാർശ്വഫലങ്ങളെപ്പറ്റിയുള്ള പഠനങ്ങൾ നടന്നത്. ശരാശരി 58 വയസ് പ്രായമുള്ള, രണ്ട് മുതൽ 16 ആഴ്ച വരെ ഈ മരുന്ന് സ്ഥിരമായി ഉപയോഗിച്ച, 6,506 പേരിലാണ് പഠനം നടന്നത്. നാഡി ക്ഷതം, പുറംവേദന, ഫൈബ്രോമയാൾജിയ, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾക്കാണ് ഈ മരുന്ന് ഇവർ ഉപയോഗിച്ചുപോന്നിരുന്നത്. യഥാർത്ഥത്തിൽ വേണ്ട അളവുകൾക്കും താഴെയാണ് ഇവ നൽകുന്ന റിസൾട്ട്.
മാത്രമല്ല, ഈ മരുന്ന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. നെഞ്ചുവേദന, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങളാണ് ഇവ ഉണ്ടാക്കുക. ഓക്കാനം, തലകറക്കം, മലബന്ധം, മയക്കം എന്നിവയാണ് മറ്റ് പാർശ്വഫലങ്ങൾ. പരിണിത ഫലങ്ങൾ കൂടുതലാണ് എന്നർത്ഥം.
ഈ മരുന്ന് ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നാണ് കണക്കുകൾ. സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുകൾ പ്രകാരം യുഎസിലെ 51.6 മില്യൺ മുതിർന്ന പൗരന്മാരിൽ ഏകദേശം 17.1 മില്യൺ ആളുകൾ വേദനസംഹാരികൾ ഉപയോഗിക്കുന്നവരാണ്. ട്രമഡോൾ ആണ് ഇവരെല്ലാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. പുതിയ പഠനത്തോടെ മറ്റ് മരുന്നുകളിലേക്ക് മാറുന്നത് രോഗികൾ ഗൗരവകരമായ ആലോചിക്കേണ്ടിവരും.