100 രൂപയില്‍ താഴെയുള്ള പണമിടപാടുകള്‍ എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കുന്നത് അവസാനിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് അപേക്ഷിച്ച് ഇന്ത്യന്‍ ബാങ്കുകള്‍. യുപിഐ വഴി ചെറിയ തുകകളുടെ ഇടപാടുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചതത്രേ. ഇത്തരത്തില്‍ ചെറിയ യുപിഐ ഇടപാടുകള്‍ക്ക് ഉള്‍പ്പെടെ മെസേജുകള്‍ അയയ്ക്കുന്നത് വഴി മെസേജുകള്‍ കൃത്യമായി ഉപഭോക്താക്കള്‍ ശ്രദ്ധിക്കാതെ വരും എന്നാണ് ബാങ്കുകള്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
നിലവിലെ റിസര്‍വ്ബാങ്ക് നിയമങ്ങള്‍ അനുസരിച്ച് എല്ലാ ഇടപാടുകളും സംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസിലൂടെ അറിയിക്കേണ്ടതുണ്ട്. ചില ഇടപാടുകള്‍ ഇമെയിലിലൂടെയാണ് അറിയിക്കാറുള്ളത്. എസ്എംഎസുകള്‍ ഓട്ടോമാറ്റിക്കായി ലഭിക്കുമ്പോള്‍ ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമാണ് ഇമെയില്‍ സേവനം ലഭിക്കാറുള്ളത്.
ഡിജിറ്റല്‍ പണമിടപാടില്‍ കോവിഡിന് ശേഷം വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു ചായ വാങ്ങുന്നത് മുതല്‍ ബസ് ടിക്കറ്റ് വരെ യുപിഐ പണമിടപാടിലൂടെയാണ് ഭൂരിഭാഗം ആളുകളും നടത്താറുള്ളത്. 100 രൂപയില്‍ താഴെയുള്ള ഒട്ടേറെ ഇടപാടുകളാണ് ഒരു ദിവസം ഒരു വ്യക്തി നടത്തുന്നത്. ഇതിന്റെയെല്ലാം എസ്എംഎസുകള്‍ വരുന്നതുകാരണം വലിയ ഇടപാടുകളുടെ എസ്എംഎസുകളും ബാങ്ക് നിര്‍ദേശങ്ങളുമുള്‍പ്പെടെപലതും ഉപഭോക്താക്കളുടെ ശ്രദ്ധയില്‍ പെടാറില്ല. ഇത് സാമ്പത്തിക തട്ടിപ്പുകളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് 100 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് മെസേജ് അയയ്ക്കുന്ന സംവിധാനം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ബാങ്കുകള്‍ ചിന്തിച്ചത്.