വയറുവേദന വരുമ്പോള്‍ പലരും സ്വയം ചികിത്സ നടത്താറുണ്ട്. ഗ്യാസ് സ്ട്രബിള്‍, ദഹനക്കേട്, അല്ലെങ്കില്‍ ചെറിയ രീതിയിലുള്ള അണുബാധ തുടങ്ങിയവയൊക്കെയാണ് കാരണമെന്ന് സ്വയം കരുതുന്നതാണ് പ്രശ്‌നം. പക്ഷെ വയറുവേദനയെ നിസാരവത്കരിക്കുന്നത് വലിയ രോഗങ്ങളിലേക്ക് പോകാന്‍ കാരണമാകുമെന്ന് പൂനെയിലെ ഖരഡിയിലുള്ള മണിപ്പാല്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി കണ്‍സള്‍ട്ടന്റായ ഡോ.ആദിത്യ ഗിരീഷ് ബോറവാക്കെ പറയുന്നു.
ഒരു വ്യക്തിക്ക് കഠിനമായതോ അല്ലെങ്കില്‍ സ്ഥിരമായോ വയറ്റില്‍ അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ കൂടുതല്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണെന്ന് ഡോ. ആദിത്യ ഗിരീഷ് ബോറവാക്കെ പറയുന്നു. പ്രത്യേകിച്ച് ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയൊക്കെ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സമഗ്രമായ പരിശോധന വേണമെന്ന് ഡോക്ടര്‍ പറയുന്നു. ഇത്തരത്തില്‍ വേദന വയറിലുടനീളം ബാധിക്കുന്നുണ്ടെങ്കില്‍ അത് അപ്പെന്‍ഡിക്‌സിനുള്ള സാധ്യത ആകാന്‍ സാധ്യതയുണ്ടെന്നും ആദിത്യ വ്യക്തമാക്കി. അപ്പെന്‍ഡിസൈറ്റിസിനുള്ള ഏക ചികിത്സ അപ്പെന്‍ഡിക്ടമി ആണ്.
വയറുവേദനയോടൊപ്പം വയറു വീര്‍ക്കല്‍, മലബന്ധം അല്ലെങ്കില്‍ ഗ്യാസ് പുറത്തേക്ക് പോകാന്‍ പറ്റാത്ത സാഹചര്യം ഉണ്ടെങ്കില്‍ കുടല്‍ അടഞ്ഞുപോകാനുള്ള സാധ്യതയാണ് കാണിക്കുന്നതെന്ന് ഡോക്ടര്‍ പറയുന്നു. ചെറുകുടലില്‍ തടസ്സം ഉണ്ടായാല്‍ തടസ്സം നീക്കി സാധാരണയിലേക്ക് കൊണ്ടുവരാന്‍ ശസ്ത്രക്രിയാ ആവശ്യമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയാണ് ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യാറ്.