2024ലിനും 2025നും ഇടയിൽ സംഭവിച്ച ഹൃദയാഘാതം മൂലമുള്ള മരണങ്ങളിൽ പകുതിയിലേറെയും സംഭവിച്ചത് മരിച്ചവർ ഒറ്റയ്ക്ക് ആയിരുന്നപ്പോഴെന്ന് റിപ്പോർട്ട്. ഇത്തരം സന്ദർഭങ്ങളിൽ അടിയന്തരമായി ലഭിക്കേണ്ട സഹായം ലഭിക്കാതെ പോകുന്നതോ അല്ലെങ്കിൽ വൈകുന്നതോ ആണ് മരണത്തിനിടയാക്കുന്നത്. ഇങ്ങനെ മരണം സംഭവിച്ചവരില്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ മണിക്കൂറുകൾക്ക് മുമ്പോ അല്ലെങ്കിൽ ദിവസങ്ങൾക്ക് മുമ്പോ ശരീരം കാട്ടിക്കൊടുത്തിട്ടുണ്ട്. എന്നാൽ ചിലരിൽ നിമിഷങ്ങൾക്കുള്ളിലാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചിരിക്കുന്നത്. ഇത്തരം പ്രവചനാതീതമായ സന്ദർഭങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യമാണ്. ഒറ്റയ്ക്കായി പോകുന്ന സമയങ്ങളിൽ ഹൃദയാഘാതം വന്നാൽ എന്ത് ചെയ്യണമെന്ന് പലർക്കും അറിവുണ്ടാകില്ല.
മൂന്നിൽ രണ്ട് പേർക്ക് ഹൃദയാഘാതം ഉണ്ടാവുന്നതിന് മുന്നേ തന്നെ ശരീരം മുന്നറിയിപ്പുകളും ലക്ഷണങ്ങളും കാണിച്ചുകൊടുക്കും. അത് മിക്കപ്പോഴും നടക്കുന്ന സമയങ്ങളിലായിരിക്കും. പലരും അതിനെ സമ്മർദ്ദമായും ഭാരമായുമൊക്കെ കണക്കാക്കി വലിയ പ്രാധാന്യം നൽകാതെ ഒഴിവാക്കും. പെട്ടെന്ന് വരികയും പോകുകയും ചെയ്യുന്ന വേദന അല്ലെങ്കിൽ കുറച്ച് നിമിഷങ്ങൾ നീണ്ടുനിൽക്കുന്ന തരത്തിൽ ഇങ്ങനെയെല്ലാം ശരീരം വേദനയുടെ രൂപത്തിൽ ലക്ഷണങ്ങൾ കാട്ടുമെന്ന് ഇന്ത്യൻ കോളേജ് ഒഫ് കാർഡിയോളജി സെക്രട്ടറിയും കാർഡിയ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകനുമായ ഡോ സിഎം നാഗേഷ് പറയുന്നു
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നെഞ്ചിലെ ഭാരം, സമ്മർദം എന്നിവയെ ഒരിക്കലും തള്ളിക്കളയരുത് എന്നതാണ് ആദ്യം മനസിലാക്കേണ്ട കാര്യം. എരിച്ചിലുപോലെയാവും ചിലർക്ക് അനുഭവപ്പെടുക. ഇത് ചിലസമയങ്ങളിൽ താടിയെല്ലിലേക്ക് വ്യാപിക്കാം. കഴുത്ത്, തോളുകൾ, കൈകൾ, പിൻഭാഗം എന്നിവിടങ്ങളിലെല്ലാം വേദന വരാം. ചിലർക്ക് ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിന്റെ രൂപത്തിലാകും ശരീരം ലക്ഷണങ്ങൾ കാണിക്കുക. കൂടാതെ ഓക്കാനം, തലയ്ക്ക് ഭാരംകുറവ്, വിയർക്കുക തുടങ്ങിയവയും ലക്ഷണങ്ങളിൽ ഉൾപ്പെടും. ഇത്തരം ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ ഡോക്ടറെ കാണാൻ ശ്രമിക്കുക.
ഹൃദയാഘാതം ആണെന്ന് തോന്നിയാൽ ഉടൻ തന്നെ എമർജൻസി നമ്പറുകളിൽ ബന്ധപ്പെടുക. പെട്ടെന്ന് ചികിത്സ ലഭ്യമാകാത്ത സാഹചര്യം മരണത്തിൽ കലാശിക്കാം. വീട്ടിൽ ഒറ്റയ്ക്കാവുന്ന സാഹചര്യത്തിൽ ഫോൺ ഒപ്പം തന്നെ കരുതുക. അയൽക്കാർക്ക് വോയിസ് മെസേജ് അയക്കാൻ ശ്രമിക്കുക. സ്വയം ഡ്രൈവ് ചെയ്ത് ആശുപത്രിയിലേക്ക് പോകാൻ ശ്രമിക്കരുത്. ആരും സഹായിക്കാൻ ഇല്ലെങ്കിൽ മാത്രം ആ വഴി സ്വീകരിക്കുക. എമർജൻസി ടീമാണ് രക്ഷയ്‌ക്കെത്തുന്നതെങ്കിൽ അവർക്ക് വഴിമധ്യേ ജീവൻരക്ഷാ ചികിത്സ നൽകാൻ കഴിയും
സഹായം ആവശ്യപ്പെട്ടു കഴിഞ്ഞാൽ, ശാന്തമായി ഇരിക്കാൻ ശ്രമിക്കുക. നേരെ ഇരിക്കുക അതും കാൽ തറയിൽ തട്ടുന്ന രീതിയിൽ. ഇത് ഹൃദയത്തിലെ സമ്മർദം കുറയ്ക്കാൻ സഹായിക്കും. കിടക്കുകയോ നടക്കുകയോ ചെയ്യരുത്. ഏത് നീക്കവും ഹൃദയത്തിൽ ഓക്‌സിജന്റെ ആവശ്യം ഉയർത്തും. ഇത് അവസ്ഥ ഗുരുതരമാക്കും. പതിയെ ശ്വാസമെടുക്കാൻ ശ്രമിക്കുക.
എമർജൻസി സർവീസിൽ സഹായം ആവശ്യപ്പെട്ടതിന് പിന്നാലെ ആസ്പിരിൻ(300mg) കൈവശം ഉണ്ടെങ്കിൽ ഒരു ടാബ്‌ലെറ്റ് ചവയ്ക്കാം. കൊറോണറി ആർട്ടറികളിലെ രക്തം കട്ടപിടിക്കാതിരിക്കാൻ ഇത് സഹായിക്കും. ബ്ലീഡിങ് പ്രശ്‌നമോ അലർജിയോ ഇല്ലെങ്കിൽ മാത്രമേ ഈ വഴി സ്വീകരിക്കാവൂ, അല്ലെങ്കിൽ ഫോൺ വഴി മെഡിക്കൽ കൺഫർമേഷൻ നടത്തിയതിന് ശേഷം കഴിക്കാം.
‘കഫ് സിപിആർ’ എന്ന ഒരു രീതി പലരും ഇത്തരം സന്ദർഭങ്ങളിൽ പരീക്ഷിക്കാറുണ്ട്. ഇത് തീർത്തും തെറ്റായ തീരുമാനമാണ്. ഹൃദയം രക്തം പമ്പ് ചെയ്യാൻ ശക്തമായി ചുമച്ചാൽ മതിയെന്ന രീതിയാണിത്. ഇത് ഒരിക്കലും വീട്ടിൽ വെച്ച് സ്വയം പരീക്ഷിക്കരുത്.