നിങ്ങള്‍ ഭക്ഷണം കൃത്യമായി കഴിക്കും, വ്യായാമം ചെയ്യും മദ്യപാനവും പുകവലിയും പോലെയുളള ശീലങ്ങള്‍ ഇല്ല. ഇതിൻ്റെ അർത്ഥം നിങ്ങള്‍ക്ക് രോഗമൊന്നും വരില്ല എന്നല്ല. എന്തൊക്കെ നല്ല കാര്യങ്ങളുണ്ടെങ്കിലും സ്‌ട്രെസുണ്ടെങ്കില്‍ പക്ഷാഘാതം വരാനുള്ള സാധ്യതയുണ്ടത്രേ. സമ്മര്‍ദ്ദം ഉറക്കത്തെ അസ്വസ്ഥതപ്പെടുത്തുമെന്നും ഇത് രക്താതിമര്‍ദ്ദത്തിനും പ്രമേഹത്തിനും സാധ്യത വര്‍ധിപ്പിക്കുമെന്നും നാരായണ ഹെല്‍ത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ഡയറക്ടറുമായ ഡോ. വിക്രം ഹുഡെഡ് പറയുന്നു. പൊണ്ണിത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ അപകടകരമായ ശീലങ്ങള്‍ ഇന്ന് ചെറുപ്പക്കാരില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്.
എന്താണ് സ്‌ട്രോക്ക്
തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തേക്കുളള രക്തവിതരണം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. ഇങ്ങനെ രക്തവിതരണം തടസ്സപ്പെടുമ്പോള്‍ ഇത് തലച്ചോറിലെ കലകള്‍ക്ക് ഓക്‌സിജനും പോഷകവും ലഭിക്കുന്നത് തടയുന്നു. അങ്ങനെ തലച്ചോറിലെ കോശങ്ങള്‍ നിര്‍ജീവമാകുന്നു. തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി രക്തം തലച്ചോറിലെ കോശങ്ങള്‍ക്ക്
സമ്മര്‍ദ്ദമുണ്ടാക്കി അവയെ നശിപ്പിക്കുമ്പോഴും സ്‌ട്രോക്ക് ഉണ്ടാവാം.
സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍
സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ പലരിലും വ്യത്യസ്തമാണ്. മുഖത്തിന്റെയോ കൈയ്യുടെയോ കാലിന്റെയോ ഒരു വശത്ത് പെട്ടെന്നുള്ള ബലഹീനത അല്ലെങ്കില്‍ മരവിപ്പ്, സംസാരിക്കാന്‍ ബുദ്ധിമുട്ട്, സംസാരിക്കുന്നതിന് വ്യക്തതയില്ലാതിരിക്കുക, വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെയുള്ള ശക്തമായ തലവേദന, പെട്ടെന്നുള്ള കാഴ്ച പ്രശ്‌നങ്ങള്‍, തലകറക്കം, ആശയക്കുഴപ്പം
എന്നിവയൊക്കെയാണ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍.
പക്ഷാഘാതം അല്ലെങ്കില്‍ സ്‌ട്രോക്ക് വരുന്നത് തടയാന്‍ എന്ത് ചെയ്യാം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് പക്ഷാഘാതത്തിന്റെ പ്രധാന കാരണം.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും അവ ചുരുങ്ങുകയോ അവ പൊട്ടുകയോ ചെയ്യും. രക്തസമ്മര്‍ദ്ദം പതിവായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ ശ്രദ്ധിക്കുക.
പ്രമേഹം നിയന്ത്രിക്കുക
രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുന്നത് രക്തക്കുഴലുകള്‍ക്ക് കേടുവരുത്തും. ഇത് രക്തം കട്ടപിടിക്കാന്‍ കാരണമാകും. അതുവഴി പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കും. അതുകൊണ്ട് പ്രമേഹമുള്ളവര്‍ പക്ഷാഘാതം വരുന്നത് തടയാന്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാതെ നിന്ത്രിക്കുക.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ശ്രഗദ്ധിക്കുക. സോഡിയം, പൂരിത കൊഴുപ്പ്, ട്രാന്‍സ് ഫാറ്റ് എന്നിവ കുറവുളളതും നാരുകള്‍ കൂടുതലുള്ളതുമായ ഭക്ഷണങ്ങള്‍ അടങ്ങിയ സമീകൃത ആഹാരം കഴിക്കുന്നത് ഉയര്‍ന്ന കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറയാന്‍ സഹായിക്കും.
പതിവായുളള വ്യായാമം
പതിവായി വ്യായാമം ചെയ്യുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സഹായിക്കുന്നു. പതിവ് വ്യായാമം ശരീരഭാരം കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും.
പുകവലി ഒഴിവാക്കുക
പുകവലി രക്തം കട്ടിയാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അത് പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്നു.