കോഴിക്കോട് പുല്ലാളൂര്‍ പറപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറ (40) യാണ് ഇടിമിന്നലേറ്റ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇടിമിന്നലേറ്റ് നാല് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ കാലിന് നേരിയ പൊള്ളലേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. മഴ പെയ്തപ്പോള്‍ അടുത്തുള്ള വീടിനകത്തേക്ക് കയറിയവര്‍ക്ക് വീടിന് അകത്തു വച്ചാണ് മിന്നലേറ്റത്. പാലക്കാട് കുറ്റനാട് ഇടിമിന്നലില്‍ യുവതിക്കാണ് പരിക്കേറ്റത്. കൂറ്റനാട് അരി ഗോഡൗണിന് സമീപം താമസിക്കുന്ന മേനോത്ത് ഞാലില്‍ അശ്വതിക്കാണ് ഇടിമിന്നലേറ്റത്. കുട്ടികളെ പഠിപ്പിക്കുന്നതിനിടെ പുസ്തകം എടുക്കാന്‍ മുറിക്കകത്തേക്ക് കടക്കുന്നതിനിടെയായിരുന്നു അതിശക്തമായ മിന്നലേറ്റത്. സംഭവത്തില്‍ അശ്വതിയുടെ കൈക്കാണ് പൊള്ളലേറ്റത്. അല്‍പ്പ സമയം ചലനശേഷി നഷ്ടമായ ഇവരെ ഉടന്‍ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ കുട്ടികള്‍ അടക്കമുള്ള കുടുംബാഗങ്ങള്‍ ഇടിമിന്നലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.
സംസ്ഥാനത്ത് വീണ്ടും പരക്കെ മഴ. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴമുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.