ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. തിന്മയ്ക്ക് മേല്‍ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി.
ദീപം കൊളുത്തി, മധുരത്തിനൊപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുന്നത്.
ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് എന്ന മഹത്തായ സന്ദേശമാണ് ദീപാവലിയുടേത്. മണ്‍ചിരാതില്‍ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ദീപങ്ങളുടെ നിറച്ചാർത്തൊരുക്കുന്ന ദിവസം.
ദീപാവലിയെക്കുറിച്ച് പല ഐതിഹ്യങ്ങളുണ്ട്. പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യയിലെത്തുന്ന ശ്രീരാമന്റെ വരവിന്റെ ആഘോഷമാണ് ദീപാവലിയെന്നാണ് ഒരു കഥ. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നും പാലാഴി മഥനത്തില്‍ ലക്ഷ്മി ദേവി അവതരിച്ച ദിവസമാണെന്നുമാണ് മറ്റ് ഐതിഹ്യങ്ങള്‍.
കേരളത്തില്‍ പ്രധാനക്ഷേത്രങ്ങളില്‍ ദർശനത്തിന് വളരെയധികം തിരക്ക് അനുഭവപ്പെടുന്ന ഒരു ദിവസം കൂടിയാണ് ദീപാവലി. വെളിച്ചത്തിന്റെ ഉത്സവം എന്നതിലുപരിയായി, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കുന്ന ഒരു മഹോത്സവം കൂടിയാണ് ദീപാവലി. വയനാട് ലൈവ് ന്യൂസിന്റെ എ ല്ലാ വായനക്കാർക്കും
ദീപാവലി ആശംസകൾ.