ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് മികച്ച അപ്പ്‌ഡേറ്റുകളാണ് മെറ്റ കൊണ്ടുവരുന്നത്. ഫേസ്ബുക്കിൽ നമ്മളൊരു പോസ്റ്റിട്ടാൽ അത് എല്ലാവരെയും അറിയിക്കാൻ ടാഗ് ചെയ്ത് കഷ്ടപ്പെടേണ്ട അവസ്ഥയായിരുന്നു ഒരു സമയത്ത് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് അവർ @everyone എന്നൊരു ഓപ്ഷൻ കൊണ്ടുവന്ന് അതങ്ങ് പരിഹരിച്ചു. ഇപ്പോഴിതാ വാട്‌സ്ആപ്പിലും സമാനമായ ഒരു സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് മെറ്റ. ഗ്രൂപ്പ് ചാറ്റുകളിലാണ് ഈ സംവിധാനം വരുന്നത്. ഗ്രൂപ്പ് ചാറ്റിലെ പോസ്റ്റ് എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്താൻ @all എന്ന ഓപ്ഷനാണ് വാട്‌സ്ആപ്പിന്റെ ഓഫർ. ഇത് സമയം കളയുകയുമില്ല ടാഗ് ചെയ്യാനുള്ള ബുദ്ധിമുട്ട് കുറയ്ക്കുകയും ചെയ്യും
എല്ലാവരെയും മെൻഷൻ ചെയ്യാൻ സാധിക്കുന്ന ഈ ‘മെഷൻ ഓൾ’ ഫീച്ചർ വഴി ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും നോട്ടിഫിക്കേഷൻ ലഭിക്കും. അംഗങ്ങളുടെ സെറ്റിങ്‌സ് ഏത് തരത്തിലാണെന്നുള്ളത് ഇതിനെ ബാധിക്കില്ല. ഗ്രൂപ്പ് മെസേജുകളിൽ പ്രധാനപ്പെട്ട മെസേജുകൾ അംഗങ്ങൾ വിട്ടു പോകാതിരിക്കാനും ഇതൊരു പരിഹാരമാണ്. ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗാമിന്റെ ഭാഗമായി പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേറ്റിൽ ചില ബീറ്റാ ടെസ്റ്റേഴ്‌സിന് മാത്രമാണ് നിലവിൽ ഈ ഓപ്ഷൻ ലഭ്യമായിട്ടുള്ളുവെന്ന് WABetaInfo റിപ്പോർട്ട് ചെയ്യുന്നു. വരുന്ന ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും.








