തരിയോട്: കർളാട് തടാകത്തിന്റെ ശാന്തതയിൽ, നിമിഷങ്ങളെങ്കിലും വേദനകളെ മറന്ന് രോഗികളും ബന്ധുക്കളും ഒരുമിച്ച് സന്തോഷം പങ്കുവെച്ച പെയിൻ & പാലിയേറ്റീവ് രോഗി ബന്ധു സംഗമം ഏറെ ഹൃദ്യമായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ പാലിയേറ്റീവ് വളണ്ടിയർ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, പൊഴുതന പഞ്ചായത്തുകളിൽ നിന്നായി പ്രത്യേക വാഹന സൗകര്യം ഒരുക്കിയാണ് നിരവധി കിടപ്പ് രോഗികളെയും ബന്ധുക്കളെയും പരിപാടിയിൽ എത്തിച്ചത്. വിവിധ കലാപരിപാടികളും ഗാനമേളയും പരിപാടിയുടെ ഭാഗമായി അരങ്ങേറി. വിഭവസമൃദ്ധമായ ഭക്ഷണവും പങ്കെടുത്തവർക്ക് ഓർമ്മയായിരിക്കാവുന്ന സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് തടാകത്തിന്റെ സുന്ദരമായ കാഴ്ചകൾ നുകരാൻ തടാക സന്ദർശനവും ഒരുക്കിയാണ് പരിപാടി അവസാനിച്ചത്. വിവിധ പഞ്ചായത്തുകളിൽ നിന്നായി ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, സെക്കൻണ്ടറി പാലിയേറ്റീവ് ജീവനക്കാർ, പ്രൈമറി പാലിയേറ്റീവ് നഴ്സുമാർ, പാലിയേറ്റീവ് വളണ്ടിയർമാർ മറ്റ് സുമനസ്സുകളും പരിപാടികളിൽ ആദ്യാവസാനം പങ്കാളികളായി.
തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ രാധ പുലിക്കോട്, വിജി ഷിബു, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സൂന നവീൻ, ബീന റോബിൻസൺ, മെഡിക്കൽ ഓഫീസർ ഡോ. ഷൈനി, ഡോ. ഷെരിഫ്, ഡോ. ദിവ്യകല, ഹെൽത്ത് സൂപ്പർവൈസർ ബേസിൽ, ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ, പാലിയേറ്റീവ് കെയർ ജില്ലാ കോ ഓർഡിനേറ്റർ പി. സ്മിത, ഹെഡ് നഴ്സ് എയ്ഞ്ചൽ സെബാസ്റ്റ്യൻ, റിയ ഐസൺ, ജൂലി മാത്യു, രാജാമണി, കെ ടി കുഞ്ഞബ്ദുള്ള, നാസർ പുൽപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ ഗ്രൂപ്പ് സെക്രട്ടറി എം ശിവാനന്ദൻ സ്വാഗതവും ട്രഷറർ വി മുസ്തഫ നന്ദിയും പറഞ്ഞു.
പരിപാടികൾക്ക് പാലിയേറ്റീവ് വളണ്ടിയർമാരായ പി കെ മുസ്തഫ, അനിൽകുമാർ, ജോർജ് ടി കെ, ബി സലീം, ശാന്തി അനിൽ, പ്രിയ ബാബു, കെ ടി ഷിബു, ജിൻസി സണ്ണി, കെ ടി സബ്ന, രമ്യ മനോജ്, പി കെ പ്രകാശൻ, ജോസ് പടിഞ്ഞാറത്തറ തുടങ്ങിയവർ നേതൃത്വം നൽകി.








