കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കുട്ടികളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നു. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ പിന്നാലെ നടന്ന് പണം യാചിക്കുന്ന മൂന്നും നാലും വയസ് മാത്രം പ്രായമുള്ള കുട്ടികളുടെ കാഴ്ചയിപ്പോള്‍ സര്‍വസാധാരണമാണ്. ഇവരുടെ രൂപവും ഭാവവും ഒറ്റനോട്ടത്തില്‍ ആരുടെയും കണ്ണ് നനയിക്കും. എന്നാല്‍ ഒരു ദിവസം ഈ കുട്ടികളുടെ ഭിക്ഷാടനത്തിന്റെ കളക്ഷന്‍ മൂവായിരം മുതല്‍ പതിനായിരം രൂപ വരെയാണ്.
രാവിലെ എട്ട് മണിയോടെ ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിനോട് ചേര്‍ന്ന് ഒരു ചെറിയ വാന്‍ വന്ന് നില്‍ക്കും. കുറെ കളിപ്പാട്ടങ്ങളുമായി നാടോടികളായ മനുഷ്യരും അവരുടെ കുട്ടികളും അവിടെയിറങ്ങും. അവരുടെ മലമൂത്ര വിസര്‍ജ്ജനവുമടക്കം സര്‍വ്വതും റോഡില്‍ തന്നെയാണ്. മുതിര്‍ന്നവര്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കുമ്പോള്‍ കുട്ടികളെ അവര്‍ ഭിക്ഷാടനത്തിനയയ്ക്കും. അടുത്തുള്ള കടകളിലും റസ്റ്ററന്റുകളിലുമെത്തുന്നവരെ തടയും. അവരുടെ കൈകളില്‍ പിടിച്ച് വലിക്കും. ബാല്യത്തിന്റെ തിളക്കമുളള കണ്ണുകള്‍ ദയനീയമായി നോക്കി വിശക്കുന്നുവെന്ന് ആംഗ്യം കാണിക്കും, പണം ചോദിക്കും. കുഞ്ഞു വയറിന്റെ വിശപ്പ് മാത്രമോര്‍ത്ത് പലരും പണം നല്‍കും.








