മാനന്തവാടി:സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഭൂമി നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടയ മിഷൻ കേരള ചരിത്രത്തിലെ നവാനുഭവമെന്ന് റവന്യൂ – ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. മാനന്തവാടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പട്ടയ മേള ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയ അസംബ്ലിയിൽ  ഉയർന്നുവന്ന പ്രത്യേക വിഷയങ്ങൾ ഇതിനായി സജ്ജമാക്കിയ ഡാഷ്‌ബോർഡ് മുഖേന പരിശോധിച്ച് പട്ടയങ്ങൾ അനുവദിച്ചതായും മന്ത്രി പറഞ്ഞു. പട്ടയ വിതരണത്തിൽ കേരളം അഭിമാനകരമായ മുന്നേറ്റം  കൈവരിച്ച വർഷങ്ങളാണ് കടന്നുപോയക്ക്. ജാതി-മത- രാഷ്ട്രീയ- വർണ്ണ- വർഗ്ഗ -ലിംഗ വ്യത്യാസമില്ലാതെ
വിവിധ പദ്ധതികളിൽ  മാതൃക തീർക്കുകയാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന റവന്യൂ വകുപ്പ് എല്ലാ ജില്ലകളിലും പട്ടയമേള നടന്നു. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി 10002 പട്ടയങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 233947 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ജില്ലയിൽ വൈത്തിരി താലൂക്കിൽ 23, മാനന്തവാടി താലൂക്കിൽ 17 , സുൽത്താൻ ബത്തേരി താലൂക്കിൽ ഒരു പട്ടയമടക്കം അതിദരിദ്രർക്കുള്ള ലാൻഡ് അസൈൻമെന്റ് പട്ടയങ്ങൾ വിതരണം ചെയ്തു. 100 ജന്മഭൂമി പട്ടയങ്ങൾ, മൂന്ന് ദേവസ്വം പട്ടയങ്ങൾ എന്നിവയും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി എന്നിവർ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അധ്യക്ഷനായി. ജില്ലയിൽ നിരവധി കുടുംബങ്ങൾക്ക് ഭൂമിയും രേഖയും ലഭ്യമാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സർക്കാർ പ്രഖ്യാപിത ലക്ഷ്യങ്ങൾ നിറവേറ്റി മുന്നോട്ട് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയും രേഖയും ലഭ്യമാകാൻ ശേഷിക്കുന്ന ഗുണഭോക്താക്കൾക്ക് കൂടി പട്ടയം ലഭ്യമാകുമെന്നും മന്ത്രി കൂട്ടി ചേർത്തു.
സബ് കളക്ടർ അതുൽ സാഗർ, ലാൻ്റ് റവന്യു ഡെപ്യൂട്ടി കളക്ടർ കെ. മനോജ് കുമാർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എം.ജെ അഗസ്റ്റിൻ, തഹസിൽദാർമാരായ പി.യു സിത്താര, ജയപ്രകാശ്, എം.എസ് ശിവദാസൻ, ടി.ബി പ്രകാശൻ, നഗരസഭ കൗൺസിലർ ബി.ഡി അരുൺ കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 
								 
															 
															 
															 
															







