കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന സമഗ്ര ജിഐഎസ് മാപ്പിംഗ് പദ്ധതി “ദൃഷ്ടി” പൂർത്തിയാക്കി സമ്പൂർണ്ണ ഡിജിറ്റൽ പഞ്ചായത്തായി തരിയോട് മാറി. പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ ചിത്രങ്ങളോട് കൂടി വെബ്പോർട്ടൽ വഴി വിരൽത്തുമ്പിൽ ലഭ്യമാകുകയും അടിസ്ഥാനപരമായ വിശകലനങ്ങൾ, ആവശ്യമുള്ള റിപ്പോർട്ടുകൾ എന്നിവ എളുപ്പത്തിൽ സാധ്യമാവുകയും ചെയ്യും. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. പദ്ധതി നിർവ്വഹണ ഏജൻസിയായ യു എൽ സി സി യുടെ ഐ ടി വിഭാഗം ഡെലിവറി മാനേജർ ബബിഷ് പദ്ധതി വിശദീകരണം നടത്തി.
വിവര സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഗുണഫലങ്ങൾ പ്രാദേശിക ഭരണത്തിന് പ്രയോജനപ്പെടുത്തുകയും അതുവഴി പൊതുജനങ്ങൾക് ഏറ്റവും മികച്ച സേവനങ്ങൾ സമയബന്ധിതമായി ല്ലഭ്യമാക്കുക എന്ന ഭരണ സമിതിയുടെ പ്രധാന ലക്ഷ്യം ഇതിലൂടെ കൈവരിക്കാൻ സാധിച്ചു. ഡ്രോൺ സർവ്വേ, ഡി ജി പി എസ് സർവ്വേ, ജിപിഎസ് സർവേ, പ്രത്യേക മൊബൈൽ അപ്ലിക്കേഷന്റെ സഹായത്തോടു കൂടിയുള്ള കെട്ടിട സർവ്വെ തുടങ്ങിയ വിവിധ സർവ്വേകളിലൂടെ തരിയോട് പഞ്ചായത്തിലെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു വിവിധ പദ്ധതികൾക്ക് ഉപയോഗപ്രദമായ രീതിയിൽ വെബ്പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് വിശകലന  സൗകര്യങ്ങളോടെയും റിപോർട്ടുകൾ ജനറേറ്റ് ചെയ്യാൻ കഴിയുന്നതുമായ വെബ്‌പോർട്ടലാണ് ദൃഷ്ടി. തരിയോടിന്റെ ആസൂത്രണ വികസനപ്രവർത്തനങ്ങളിൽ സാങ്കേതികയുടെ  കണ്ണായി പ്രവർത്തിക്കാൻ മാത്രം പര്യാപ്തമാണ് എന്ന് മാത്രമല്ല,  ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും തങ്ങൾക്കാവശ്യമുള്ള സ്ഥലങ്ങളിലെ ആവശ്യമായ വിവരങ്ങൾ ആവശ്യമായ രീതിയിൽ ഫോട്ടോയും ഭൂമിശാസ്ത്രപരമായ വിവരങ്ങളോട് കൂടി ലഭ്യമാവുകയും ആവശ്യമായ രീതിയിൽ അവ വിശകലനം ചെയ്യുവാനും, അതിൽനിന്നും ആവശ്യമായ റിപോർട്ടുകൾ ഉണ്ടാക്കാനും ഇത് വഴി സാധിക്കും. കൂടാതെ ഭൗമശാസ്ത്രപരമായ
വിശകലനവും, വിവിധ കാലങ്ങളിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ സംബന്ധിച്ചുള്ള വിശകലനവും പോർട്ടലിൽ സാധ്യമാകും.
ഉദ്യോഗസ്ഥ ജോലിഭാരം കുറക്കാനും സമയബന്ധിത സേവനം ലഭ്യമാക്കാനും സഹായിക്കുന്നതോടൊപ്പം തന്നെ ശാത്രീയമായ പദ്ധതി വിഭവന നിർവ്വഹനവും ഇതുവഴി സാധ്യമാകും. കൂടാതെ
ടൂറിസം, ദുരന്ത നിവാരണം, കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെല്ലാം  വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ പ്രസ്തുത പോർട്ടൽ വഴി സാധിക്കുന്നതാണ്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, സിബിൽ എഡ്‌വേർഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ സ്വാഗതവും അസി സെക്രട്ടറി സി കെ റസാക്ക് നന്ദിയും പറഞ്ഞു.
 
								 
															 
															 
															 
															







